കുന്നംകുളം: നഗരത്തിൽ ഞായറാഴ്ച രാത്രിയുണ്ടായ തീപ്പിടിത്തത്തിൽ പുസ്തകനിർമാണശാലയുടെ സംഭരണകേന്ദ്രം കത്തിനശിച്ചു. ഭാവന റോഡിലെ കൂത്തൂർ അപ്പുകുഞ്ഞിന്റെ ഉടമസ്ഥതയിലുള്ള ബി.ബി.ഐ. പുസ്തകനിർമാണശാലയിലാണ് തീപ്പിടിത്തമുണ്ടായത്. രാത്രി 8.45-നാണ് സംഭവം.

ഓടിട്ട കെട്ടിടം തീപ്പിടിത്തത്തിൽ പൂർണമായും കത്തി തകർന്നുവീണു. ഞായറാഴ്ചയായതിനാൽ ജീവനക്കാരാരും ഉണ്ടായിരുന്നില്ല. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാകാം കാരണമെന്നാണ് അഗ്നിരക്ഷാസേനയുടെ നിഗമനം.

കെട്ടിടത്തിൽനിന്ന്‌ വലിയതോതിൽ തീ ഉയർന്നപ്പോഴാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. അൽപ്പസമയത്തിനുള്ളിൽ പൊട്ടിത്തെറിയോടെ തകർന്നുവീണു. കെട്ടിടത്തിനുള്ളിൽ ഗ്യാസ് സിലിൻഡർ ഉണ്ടായിരുന്നതായി സംശയിക്കുന്നു. കുന്നംകുളം അഗ്നിരക്ഷാസേന സ്‌റ്റേഷൻ ഓഫീസർ ബി. വൈശാഖിന്റെ നേതൃത്വത്തിൽ കുന്നംകുളം, ഗുരുവായൂർ സ്റ്റേഷനുകളിൽനിന്നുള്ള നാല് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

സമീപത്തുള്ള കടകളിലേക്ക് തീ പടരാതിരുന്നത് വൻ അപകടം ഒഴിവാക്കി. അഗ്നിശമനാ ഉപകരണങ്ങളോ സുരക്ഷാസംവിധാനങ്ങളോ ഇല്ലാതെയാണ് നഗരത്തിലെ കെട്ടിടങ്ങൾ ഭൂരിഭാഗവും പ്രവർത്തിക്കുന്നത്. ജനുവരിയിൽ ഇതുസംബന്ധിച്ച് അധികാരികൾ പരിശോധന നടത്തി കടകൾക്ക് നോട്ടീസ് നൽകിയിരുന്നു.