കുന്നംകുളം: നൂറടിത്തോട്ടിൽ വെള്ളം കുറഞ്ഞതിനെ തുടർന്ന് തിരുത്തിക്കാട് ബണ്ട് തുറന്നു. മാർച്ചിൽ തുറക്കാറുള്ള ബണ്ട് നേരത്തെ തുറന്നതോടെ തിരുത്തിക്കാട്, കിഴൂർ മേഖലയിൽ കുടിവെള്ള ക്ഷാമം നേരിടുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

വെട്ടിക്കടവ് കോൾ മേഖലയിലെ നെൽകൃഷിക്ക് വെള്ളം ലഭിക്കാത്തതിനെ തുടർന്നാണ് ചെറുകിട ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ ബണ്ടിൽനിന്ന് ചെറിയ രീതിയിൽ വെള്ളം തുറന്നുവിട്ടത്. വെട്ടിക്കടവ് മേഖലയിലെ കർഷകരെത്തി ഇതിന്റെ അളവ് വർധിപ്പിക്കുന്നതിന് കൂടുതൽ ചീർപ്പുകളെടുത്തു. ഇത് തർക്കത്തിനിടയാക്കി. കർഷകരുടെ നടപടി നിയമാനുസൃതമല്ലെന്ന്് നാട്ടുകാർ കുറ്റപ്പെടുത്തി.

നിയന്ത്രിതമായ രീതിയിൽ ബണ്ട് തുറക്കാനും അടയ്ക്കാനുമുള്ള സംവിധാനം വെട്ടിക്കടവിലുണ്ട്. ഇത് പാലിക്കാതെയാണ് ചീർപ്പിന്റെ കൂടുതൽ പലകകൾ എടുത്തുമാറ്റിയത്. ഇതോടെ ബണ്ടിൽ കെട്ടിനിർത്തിയിരുന്ന വെള്ളത്തിന്റെ അളവിൽ കുറവ് വന്നിട്ടുണ്ട്. വെള്ളം തിരിച്ച് ബീയ്യം കെട്ടിലേക്ക് വിടുന്നതിന് തുല്യമാണിതെന്നും നാട്ടുകാർ പറഞ്ഞു. കർഷകർക്ക് ആവശ്യമായ വെള്ളം ലഭിച്ചാൽ ബണ്ട് അടയ്ക്കണമെന്ന് കൗൺസിലർ കെ.എ. അസീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

പൊന്നാനിയിലെ ബീയ്യം കെട്ട് അടയ്ക്കാത്തതിനെ തുടർന്ന് നൂറടിത്തോടിൽ സംഭരിക്കേണ്ട വെള്ളം കടലിലേക്ക് ഒഴുകിപ്പോയിരുന്നു. വെള്ളം കുറഞ്ഞതോടെ കോൾമേഖലയിൽ നേരത്തെ കൃഷിയിറക്കുകയും ചെയ്തു. ബണ്ടിലെ വെള്ളമാണ് കിഴൂർ, കക്കാട്, ചിറളയം, വെട്ടിക്കടവ്, തിരുത്തിക്കാട് മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നത്. മാർച്ച് അവസാനം വരെ ബണ്ട് നിറഞ്ഞുകിടക്കുന്നതിനാൽ ശുദ്ധജലസ്രോതസ്സുകളിലെ ജലനിരപ്പും താഴാതെ നിൽക്കാറുണ്ട്.