കുന്നംകുളം: താഴത്തെപാറയിലൂടെ കടന്നുപോകുന്നവർക്ക് മൂക്കുപൊത്താതിരിക്കാനാകില്ല. ഇവിടെയുള്ള കച്ചവടക്കാർ ചന്ദനത്തിരി കത്തിച്ചാണ് അസഹ്യമായ ദുർഗന്ധത്തെ ഒഴിവാക്കാൻ ശ്രമിക്കുന്നത്. ഒരുമാസമായിട്ടും പ്രശ്‌നത്തിന് പരിഹാരം കാണാനായിട്ടില്ല. നഗരത്തിലെ പ്രധാന കച്ചവടമേഖലയായ താഴത്തെപാറയിലേക്കുള്ള വഴിയിലാണ് പൈപ്പുപൊട്ടി മലിനജലമൊഴുകുന്നത്. വിദ്യാർഥികളുൾപ്പെടെയുള്ള യാത്രക്കാർ ഇതു ചവിട്ടിയാണ് കടന്നുപോകുന്നത്. സമീപത്തെ കടകൾക്കുള്ളിലേക്കു കടക്കുന്നതും ബുദ്ധിമുട്ടാകുന്നുണ്ട്. റോഡരികിലെ കാനയിലും മലിനജലം കെട്ടിക്കിടക്കുന്നുണ്ട്.

പട്ടാമ്പി, വടക്കാഞ്ചേരി റോഡ്, അരിമാർക്കറ്റ്, നഗരസഭ ബസ്‌സ്റ്റാൻഡുകെട്ടിടത്തിലെ ശൗചാലയം എന്നിവിടങ്ങളിൽനിന്നുള്ള മലിനജലം ഇവിടേക്ക് ഒഴുകിയെത്തുന്നുണ്ട്. ദുർഗന്ധംമൂലം കടകളിൽ ഇരിക്കാനോ ജോലിചെയ്യാനോ പറ്റുന്നില്ലെന്ന് ഇവിടെയുള്ള കച്ചവടക്കാർ പറഞ്ഞു.

ഒരുമാസം മുമ്പാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. നഗരസഭയിൽ പരാതി പറഞ്ഞതിനെത്തുടർന്ന് ആരോഗ്യവിഭാഗ ശുചീകരണപ്രവർത്തകരെത്തി കടകൾക്കു മുന്നിലെ സ്ലാബുകൾ പൊളിച്ചു പരിശോധിച്ചു. വെള്ളത്തിന്റെ തടസ്സം കണ്ടെത്താനായില്ല. റോഡു പൊളിച്ചതോടെ മുമ്പ്‌ ജലവിതരണത്തിനു സ്ഥാപിച്ച പൈപ്പുപൊട്ടിയാണ് വെള്ളം പുറത്തേക്കൊഴുകുന്നതെന്നു കണ്ടെത്തി.

പട്ടാമ്പിറോഡിലെ അഴുക്കുചാൽ തടസ്സപ്പെട്ടതാണ് ജലവിതരണ പൈപ്പിലേക്ക് മലിനജലം കടക്കാനിടയാക്കിയതെന്നാണ് വിലയിരുത്തൽ. റോഡുപൊളിച്ചു പരിശോധിക്കുന്നതിന് നഗരസഭാ അധികൃതർ പൊതുമരാമത്തിന്റെ അനുമതി തേടിയിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാൻ അടിയന്തിരമായ നടപടികളുണ്ടാകുമെന്ന് ഹെൽത്ത് സൂപ്പർവൈസർ കെ.എസ്. ലക്ഷ്മണൻ പറഞ്ഞു.