കുന്നംകുളം: ചിറ്റഞ്ഞൂർ കാവിലക്കാട് ഭഗവതീക്ഷേത്രത്തിലെ പൂരാഘോഷത്തിനിടെ ആനയിടഞ്ഞു. കൊടുമൺ ശിവശങ്കരൻ എന്ന കൊമ്പനാണ് കൂട്ടിയെഴുന്നള്ളിപ്പിനിടെ മുന്നോട്ടാഞ്ഞ് പരിഭ്രാന്തി പരത്തിയത്.

പ്രാദേശിക പൂരങ്ങളുടെ എഴുന്നള്ളിപ്പുകൾ കഴിഞ്ഞ് കൂട്ടിയെഴുന്നള്ളിപ്പ് തുടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് ആനയുടെ പരാക്രമം. കൂട്ടിയെഴുന്നള്ളിപ്പിന് നിർത്തിയ ആനകളുടെ അടുത്തേക്ക് ആളുകൾ കടക്കാതിരിക്കാൻ താത്കാലികമായി ബാരിക്കേഡ് നിർമിച്ചിരുന്നു.

നിരയിൽ നിർത്തിയ ആന പെട്ടെന്ന് മുന്നോട്ടാഞ്ഞ് ബാരിക്കേഡ് കൊമ്പിൽ കോർത്തു. ആനയുടെ പരാക്രമം കണ്ടതോടെ ആളുകൾ പരിഭ്രാന്തരായി ഓടിമാറി. മറ്റ് ആനകളെ പാപ്പാന്മാർ അകലേക്ക് മാറ്റി. കൂച്ചുവിലങ്ങിട്ടതിനാൽ കൂടുതൽ അക്രമം കാണിക്കാതെ ആന നിന്നു.

എലിഫന്റ് സ്‌ക്വാഡിലെ അംഗങ്ങൾ വടം ഉപയോഗിച്ച് ആനയെ തളച്ച് ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റി. ഇരുപതോളം ആനകൾ ഈ സമയം കൂട്ടിയെഴുന്നള്ളിപ്പിന് നിരന്നിരുന്നു. ദേവസ്വം എഴുന്നള്ളിപ്പ് പിന്നീട് ക്ഷേത്രത്തിനകത്തേക്ക് മാറ്റി മേളത്തോടെ ചടങ്ങുകൾ പൂർത്തിയാക്കി. കുന്നംകുളം പോലീസ്‌ സ്ഥലത്തുണ്ടായിരുന്നു.