കുന്നംകുളം: കക്കാട് ചെറുവത്തൂർ കുളത്തിലെ ജലസമൃദ്ധി കണ്ടാൽ ഒന്നിറങ്ങി കുളിക്കാൻ ആഗ്രഹമുണ്ടാകും. ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ഒമ്പതുലക്ഷം രൂപ ചെലവഴിച്ചാണ് നഗരസഭ കുളത്തിന്റെ നവീകരണം പൂർത്തിയാക്കിയത്.

വേനൽ കടുത്താലും നഗരത്തിലെ വറ്റാത്ത പ്രധാനകുളങ്ങളിലൊന്നാണിത്.

വശങ്ങൾ ഇടിഞ്ഞുവീണ് നാശത്തിന്റെ വക്കിലായിരുന്നു കുളം. 2017-18-ൽ ഏഴുലക്ഷം രൂപയും 2018-19-ൽ രണ്ടുലക്ഷം രൂപയും വകയിരുത്തിയാണ് കുളത്തിന്റെ നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. പത്തടിയോളം താഴ്ചയിൽ കുളത്തിൽ വെള്ളം സംഭരിച്ചിട്ടുണ്ട്. സമീപത്തെ കിണറുകളിൽ ജലനിരപ്പ് താഴാതിരിക്കുന്നതിനും ഇത് കാരണമാകും.

ഹരിതകേരളം പദ്ധതിക്ക് തുടക്കമിട്ടപ്പോൾ കൗൺസിലർ പി.കെ. ബിനീഷിന്റെ ഇടപ്പെടലിനെത്തുടർന്ന് നവീകരണം ഇതിനോടുബന്ധപ്പെടുത്തി. കുളത്തിന്റെ ഇടിഞ്ഞഭാഗങ്ങൾ പുനർനിർമിച്ചു. പടവുകളും ചുറ്റുമതിലും പുതുക്കിപ്പണിതു. ഹരിതകേരളത്തിന്റെ വാർഷികദിനമായ ശനിയാഴ്ച നവീകരിച്ച കുളം ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ പൊതുജനങ്ങൾക്ക് സമർപ്പിക്കും.