കുന്നംകുളം: നഗരത്തിലെ ഗതാഗതസംവിധാനത്തിൽ സമഗ്രമായ പരിഷ്‌കരണം വരുത്താൻ പോലീസ് ആലോചിക്കുന്നു. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ പിന്തുണയോടെ തീരുമാനങ്ങൾ നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ.

നഗരത്തിലെത്തുന്ന വാഹനങ്ങൾ വലതുഭാഗത്തേക്ക് തിരിയാത്ത രീതിയിലുള്ള പരിഷ്‌കരണമാണ് പരിഗണിക്കുന്നത്. തൃശ്ശൂർ റോഡിൽ മുനിസിപ്പൽ ജങ്ഷൻവരെയുള്ള ഭാഗം പൂർണ്ണമായും വൺവേ സംവിധാനത്തിലേക്കു മാറും. തൃശ്ശൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങളിൽ ഓട്ടോറിക്ഷാകൾ, ബൈക്കുകൾ എന്നിവ നേരെ ജങ്ഷനിലേക്കെത്തുന്നത് ഒഴിവാക്കും. നഗരസഭാ ഓഫീസിനും താലൂക്ക് ആശുപത്രിക്കുമിടയിലുള്ള വൺവേ നിർത്തലാക്കും.

വൺവേ തിരിയുന്ന വാഹനങ്ങൾ നഗരസഭയ്ക്കുമുന്നിലൂടെ യാത്രചെയ്ത് ഗുരുവായൂർ റോഡിലേക്ക് പ്രവേശിക്കേണ്ടിവരും. പട്ടാമ്പി റോഡിൽനിന്നുള്ള വാഹനങ്ങൾ ഐ.ടി.സി. ജങ്ഷനിൽനിന്ന് വൺവേ തിരിഞ്ഞ് വടക്കാഞ്ചേരി റോഡിലേക്ക് പ്രവേശിക്കണമെന്നത് നിർബന്ധമാക്കും. അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ യുടേൺ എടുക്കുന്നവരുടെപേരിലും അനധികൃത പാർക്കിങ്ങിനും നിയമനടപടികൾ സ്വീകരിക്കും. ഫ്രീ ലെഫ്റ്റ് എന്ന സംവിധാനം വരുന്നതോടെ നഗരത്തിലെ തിരക്കൊഴിവാക്കാൻ കഴിയുമെന്ന് എസ്.എച്ച്.ഒ. കെ.ജി. സുരേഷ് പറഞ്ഞു.

നഗരസഭയുടെ നേതൃത്വത്തിലുള്ള ഗതാഗത ഉപദേശകസമിതി യോഗങ്ങളിൽ തിരക്കൊഴിവാക്കാൻ കൃത്യമായ നിർദേശങ്ങൾ ഉയരാറില്ല. പലപ്പോഴും തർക്കങ്ങളിൽ അവസാനിക്കുന്ന ചർച്ചകളാണുണ്ടാകാറുള്ളത്. ബുധനാഴ്ച ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേരുന്നുണ്ട്. നഗരത്തിൽ നടപ്പാക്കേണ്ട ഗതാഗത ക്രമീകരണങ്ങൾ ഇതിൽ ചർച്ചചെയ്യും. ഒരുമാസത്തിനുള്ളിൽ ഇത് നടപ്പാക്കാൻ കഴിയും. പ്രശ്‌നങ്ങളും പരാതികളും ചർച്ചചെയ്ത് പരിഹരിക്കും.