തൃശ്ശൂര്‍: കോണ്‍ഗ്രസ് മുന്നാക്കസമുദായപ്രീണനം നടത്തുന്നുവെന്ന ആരോപണവുമായി കെ.പി.സി.സി. ഒ.ബി.സി. വിഭാഗം.

അതിരപ്പിള്ളിയില്‍ സമാപിച്ച ഒ.ബി.സി. ഡിപ്പാര്‍ട്ട്‌മെന്റ് എക്‌സിക്യുട്ടീവ് വിഭാഗം ക്യാമ്പിലാണ് പാര്‍ട്ടിയെ വിമര്‍ശിക്കുന്ന രാഷ്ട്രീയപ്രമേയം ജനറല്‍ സെക്രട്ടറി ബാബു നാസര്‍ അവതരിപ്പിച്ചത്. ഈഴവരും മുസ്ലിങ്ങളുമടക്കമുള്ള വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.

ഇപ്പോള്‍ കേരള നിയമസഭയില്‍ കോണ്‍ഗ്രസിന് ഈഴവസാമാജികരില്ല. കേരളത്തില്‍ 27 ശതമാനം വരുന്ന സമുദായമാണിത്. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ഈഴവസാന്നിധ്യം യാഥാര്‍ഥ്യബോധത്തോടെ ഉറപ്പാക്കാന്‍ നേതൃത്വത്തിന് കഴിയുന്നില്ല.

മുസ്ലിം സമുദായത്തിനും അര്‍ഹമായ പ്രാതിനിധ്യം കിട്ടുന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 15 സീറ്റ് നേടിയ കോണ്‍ഗ്രസിന് ഒരു മുസ്ലിം പ്രതിനിധിയെപ്പോലും ജയിപ്പിക്കാന്‍ സാധിച്ചില്ല.

ന്യൂനപക്ഷ ഏകീകരണം മൂലമാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനായത്. അത് വരുന്ന തദ്ദേശതിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കണമെന്നില്ലെന്ന സൂചനയും പ്രമേയത്തിലുണ്ട്.