കൊരട്ടി: കാറ്റിലും മഴയിലും പഞ്ചായത്ത് ഓഫീസിന് മുന്നിലെ പാഴ്‌മരങ്ങളിലൊന്ന് കടപുഴകി വീണു. ഓഫീസിന് മുന്നിൽ പാർക്കുചെയ്തിരുന്ന രണ്ട് കാറുകൾ മരം വീണ് തകർന്നു. മരം വീണ് 11 കെ.വി. അടക്കമുള്ള വൈദ്യുതക്കമ്പികളും പൊട്ടിവീണു. അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഇലക്‌ട്രീഷൻ ബിജോയ് വെളിയത്തിന്റെ ഇടപെടലിൽ പെട്ടെന്ന് ലൈൻ ഓഫ് ചെയ്തതുകാരണം അപകടമൊഴിവായി.

റോഡിലേക്ക് മരം വീണതോടെ ഗതാഗതം തടസ്സപ്പെട്ടു. കൊരട്ടി പോലീസ്, അഗ്നിരക്ഷാസേന, കെ.എസ്.ഇ.ബി. ജീവനക്കാർ എന്നിവരെത്തിയാണ് മരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.

ഓഫീസിന് മുന്നിലെ മരം വീണുണ്ടായ ഗതാഗതപ്രതിസന്ധിയും തടസ്സങ്ങളും നീക്കാൻ പഞ്ചായത്ത് ജനപ്രതിനിധികളും ജീവനക്കാരും മുന്നിട്ടിറങ്ങി. ഓഫീസിന്റെ പ്രവർത്തനം അല്പനേരം നിർത്തിവച്ച് സെക്രട്ടറിയടക്കമുള്ള ജീവനക്കാരാണ് മരങ്ങളും കമ്പുകളും നീക്കി വേഗത്തിൽ ഗതാഗതം പുനഃസ്ഥാപിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലൻ, സെക്രട്ടറി എ.വി. സബിയ എന്നിവർ നേതൃത്വം നൽകി.

ഭീഷണിയായി ഇനിയും പാഴ്‌മരങ്ങൾ

ഒട്ടേറെ വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നുപോകുന്ന പഴയ ദേശീയ പാതയിലെ അവശേഷിക്കുന്ന പാഴ്‌മരങ്ങളും അപകടഭീഷണി ഉയർത്തുന്നുണ്ട്‌. ഉണങ്ങിയതും ഏതുസമയവും നിലംപൊത്താവുന്നതുമായ മരങ്ങളാണ് പ്രദേശത്തെ പഞ്ചായത്ത്, വില്ലേജ്, ബാങ്ക്, ആശുപത്രി, പോസ്റ്റ് ഓഫീസ് പരിസരത്തുള്ളത്.