കൊമ്പത്തുകടവ്: പുത്തൻചിറ പഞ്ചായത്തിൽ ഉൾപ്പെടുന്ന തങ്കപ്പൂനഗറിലെ ഇരിങ്ങാക്കുളം വീണ്ടെടുത്ത് നാടിനു സമർപ്പിച്ചു. ‘കടവ്’ സാംസ്കാരിക വേദി പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന ഒരാഴ്ച നീണ്ടുനിന്ന ശുചീകരണ പ്രവർത്തനങ്ങളിൽ നിരവധി പേർ പങ്കാളികളായി.
ആദ്യകാലത്ത് നിരവധിപേർക്ക് ആശ്രയമായിരുന്നു ഇരിങ്ങാക്കുളം. പൈപ്പിലൂടെ കുടിവെള്ള വിതരണം തുടങ്ങിയപ്പോൾ ഇവിടേയ്ക്ക് ആളുകൾ വരാതായി. കാടുപിടിച്ച കുളം രണ്ടു വർഷം മുമ്പ് ‘കടവിന്റെ’ നേതൃത്വത്തിൽ വൃത്തിയാക്കിയിരുന്നു. സമീപ പ്രദേശത്തെ കിണറുകളിൽ വെള്ളം ലഭിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഈ കുളം ചെളി കോരി മാറ്റി വശങ്ങൾ കെട്ടി ആധുനിക രീതിയിൽ സംരക്ഷിക്കണം എന്ന ആവശ്യം നാട്ടുകാരുന്നയിക്കുന്നുണ്ട്.
അമ്പത് മീറ്റർ നീളവും, 25 മീറ്റർ വീതിയുമുള്ള ഈ കുളം നവീകരിക്കുകയാണെങ്കിൽ നീന്തൽ പരിശീലനമുൾപ്പെടെ നടത്താനാവുമെന്നാണ് കടവ് പ്രവർത്തകരുടെ അഭിപ്രായം. പ്രദേശത്തെ നിരവധി കുടുംബങ്ങൾക്ക് അതിന്റെ പ്രയോജനം ലഭിക്കും. സമർപ്പണ ചടങ്ങ് മാള സി.ഐ. പി.എം. ബൈജു ഉദ്ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരി സി.കെ. രാധാകൃഷ്ണൻ അധ്യക്ഷനായി. വി.എൽ. രവീഷ്, ആർ.കെ. വി. ദാസ്, കെ.ടി. അഖിലേശ്വരൻ, വാസന്തി സുബ്രഹ്മണ്യൻ, സിന്ധു ജോഷി, സൈമൺ താണിയത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
കപ്പയും ചമ്മന്തിയും വിളമ്പി, നാടൻ പാട്ടുകൾ പാടി ആഘോഷമായാണ് പ്രവർത്തകർ സമർപ്പണം നടത്തിയത്. ചടങ്ങിൽ പങ്കെടുത്തവരുടെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് വരച്ച് സി.സി. ഉപേന്ദ്രൻ ശ്രദ്ധ നേടി. വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച വെച്ചവരെ ചടങ്ങിൽ ആദരിച്ചു.