കൊടകര : നിരീക്ഷണകാലാവധി പൂർത്തിയാക്കി, മനസ്സമ്മതം നടത്തുന്നതിനിടയിൽ വീട്ടിലേക്ക് പഞ്ചായത്ത്‌ ആരോഗ്യപ്രവർത്തകർ കടന്നുവന്നപ്പോൾ വീട്ടുകാർ ആദ്യം ഒന്ന് പകച്ചു. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് നാല് തലങ്ങളിൽ കരുതലിന്റെ പ്രാധാന്യം ഓർമിപ്പിച്ചുള്ള ആശംസാകാർഡ് ‘മംഗളാശംസയും കരുതലും’ എന്ന തലക്കെട്ടിൽ നൽകിയതോടെയാണ് വീട്ടുകാർക്ക് ആശ്വാസമായത്.

കോവിഡിനെതിരേയും ജലജന്യ, കൊതുകുജന്യ രോഗങ്ങൾക്കെതിരേയും സംതൃപ്ത കുടുംബജീവിതത്തിനും വേണ്ട കരുതൽ നിർദേശങ്ങളടങ്ങിയ ആശംസാകാർഡ് വിവാഹവീടുകളിൽ നൽകുന്നതിന്റെ പഞ്ചായത്തുതല ഉദ്ഘാടനമാണ് നടന്നത്. പേരാമ്പ്ര പത്താംവാർഡിലെ മാഞ്ഞാലി കണ്ണംപിള്ളി ജോണിയുടെ മകൻ ഡെനോയുടെ മനസ്സമ്മതച്ചടങ്ങായിരുന്നു വേദി.

പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് നാല് തലങ്ങളിൽ കരുതലിന്റെ പ്രാധാന്യം ഓർമിപ്പിച്ചുള്ള ആശംസാകാർഡാണ് കൊടകര പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം കല്യാണവീടുകളിൽ നൽകാൻ തയ്യാറാക്കിയിട്ടുള്ളത്. പഞ്ചായത്ത്‌ പരിധിയിലെ വിവാഹവീടുകളിൽ വാർഡ് അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, ആശാ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ മംഗളാശംസാകാർഡ് വിതരണം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പി.ആർ. പ്രസാദൻ പറഞ്ഞു.

നിരീക്ഷണകാലവധി പൂർത്തിയാക്കി 40 ദിവസത്തിന് ശേഷമാണ് ഡെനോയുടെ വിവാഹം.

പഞ്ചായത്ത് പ്രസിഡൻറ് പി.ആർ. പ്രസാദൻ മംഗളപത്രവും ഉപഹാരവും കൈമാറി പഞ്ചായത്തുതല ഉദ്ഘാടനം നിർവഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എസ്. സുധ, പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ ഇ.എൽ. പാപ്പച്ചൻ, വിലാസിനി ശശി, പഞ്ചായത്ത് അംഗം പ്രനില ഗിരീശൻ, ഹെൽത്ത് ഇൻസ്പെക്ടർ ഹാരിസ് പറച്ചിക്കോടൻ, ജെ.എച്ച്.ഐ.മാരായ ഷോഗൻബാബു, എ. രാജീവൻ, എം. സുനിൽ എന്നിവർ പങ്കെടുത്തു.