തൃശ്ശൂർ: തലയോട്ടി തുളച്ചുകയറിയ താക്കോൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തൃത്താല തെക്കെപ്പുരക്കൽ ടി.വി. രാജേഷിന് (34) ഇത് രണ്ടാം ജന്മം.

വാക്കുതർക്കത്തെത്തുടർന്ന് കൂട്ടുകാരൻ തലയിൽ ശക്തിയായി ഇടിച്ചുകയറ്റിയ ബൈക്കിന്റെ താക്കോലാണ് അമല മെഡിക്കൽ കോളേജിലെ ന്യൂറോസർജറി വിഭാഗം ഡോക്ടർമാർ പുറത്തെടുത്തത്. മരപ്പണിക്കാരായ രാജേഷും സുഹൃത്തും വെള്ളിയാഴ്ച രാത്രി എട്ടരമണിയോടെ സംസാരിച്ചു നിൽക്കുമ്പോഴായിരുന്നു സംഭവം.

താക്കോലിന്റെ അറ്റം ഏകദേശം മൂന്ന് ഇഞ്ചോളം തലയോട്ടി തുളച്ചു കയറിയിരുന്നു. ശക്തമായ രക്തസ്രാവവും ഉണ്ടായിരുന്നു. സമീപത്തെ ആശുപത്രിയിൽ കാണിച്ചെങ്കിലും അവർ അമലയിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു. ശസ്ത്രക്രിയയെ തുടർന്ന് രാജേഷ് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.

ഡോ. കെ. ഭവദാസൻ, ഡോ. സുരേഷ്‌കുമാർ, ഡോ. അഞ്ജലി, ഡോ. ജോ ജോൺ ചിറയത്ത് എന്നിവർ ശസ്ത്രക്രിയക്ക് നേതൃത്വം നൽകി.