തൃശ്ശൂർ: ശ്രീകേരളവർമ കോളേജിന്റെ അങ്കണം ശനിയാഴ്‌ച കലാവിരുന്നുകൊണ്ട് സമൃദ്ധമാക്കിയത് 180-ൽപ്പരം ഭിന്നശേഷിക്കാർ. വിദ്യാർഥിസമൂഹത്തിൽ കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും ഉറവയാണേറെയെന്ന് തെളിയിച്ച ദിവസംകൂടിയായിരുന്നു ശനിയാഴ്‌ച.

കോളേജിലെ എൻ.എസ്.എസ്. യൂണിറ്റ് സന്നദ്ധസംഘടനയായ ഹെൽപ്പിങ് ഹാൻഡ്സ് ഒാർഗനൈസേഷനുമായി ചേർന്നാണ് ഒാട്ടിസം ബാധിച്ച 180-ൽപ്പരം കുട്ടികൾക്കായി ആഘോഷത്തിന്റെ ദിനം സംഘടിപ്പിച്ചത്. ജില്ലയിലെ എല്ലാ ഒാട്ടിസം സ്‌കൂളുകളിലെ കുട്ടികളും അവരുടെ രക്ഷിതാക്കളുമായെത്തിയപ്പോൾ കലാലയാങ്കണത്തിൽ ഉത്സവഛായ. പരിപാടിയിൽ പങ്കാളികളായും സഹായികളായും മറ്റും കലാലയത്തിലെ എൻ.എസ്.എസ്. അംഗങ്ങളുമെത്തി. കാമ്പസിലെത്തിയ പ്രത്യേക കൂട്ടുകാർക്ക് എല്ലാ സഹായങ്ങളും സംഘാടകരുടെ വക. അവിടെയെത്തിയവരുടെ മാതാപിതാക്കൾക്കായി പ്രത്യേക ക്ലാസുണ്ടായി. അവരുടെ മക്കൾക്കായി നിരവധി മത്സരങ്ങളും.

നടക്കാനാകാത്തവരെ എടുത്തുകൊണ്ടുപോകാനും ചോറ് വാരിക്കൊടുക്കാനും മത്സരങ്ങളിൽ പങ്കെടുപ്പിക്കാനും സന്നദ്ധവിദ്യാർഥികളുടെ തിരക്കായിരുന്നു. പങ്കെടുത്ത എല്ലാവർക്കും കിട്ടി സമ്മാനങ്ങൾ. ഉച്ചയ്ക്ക് കുട്ടികൾക്കും മാതാപിതാക്കൾക്കും സദ്യയുമൊരുക്കിയിരുന്നു.

കലാലയത്തിലെത്തിയ പ്രത്യേക അതിഥികളെ കാണാൻ തൃശ്ശൂർ മേയറും സിനിമാതാരങ്ങളും ഉൾപ്പെടെ നാനാതുറകളിൽപ്പെട്ടവർ എത്തി.

പ്രിൻസിപ്പൽ േഡാ. കെ. കൃഷ്ണകുമാരി, ഹെൽപ്പിങ് ഹാൻഡ്സ് ഒാർഗനൈസേഷൻ പ്രതിനിധി ക്രിസ്റ്റി, കോളേജിലെ എൻ.എസ്.എസ്. പ്രോഗ്രാം ഒാഫീസർമാരായ കെ.എൻ. കണ്ണൻ, േഡാ. എൻ.കെ. പ്രമീള, കെമിസ്ട്രി വിഭാഗം മേധാവി േഡാ. ടി.ഡി. ശോഭ, ഡോ. രാജേന്ദ്രൻ, ഡോ. ആതിര, പ്രൊഫ. ജൂവൽ തുടങ്ങിയവർ നേതൃത്വം നൽകി.