തൃശ്ശൂർ: കേരളവർമ കോളേജിലെ കായികതാരങ്ങളെ ഹോസ്റ്റൽമുറിയിൽ പൂട്ടിയിട്ടു. മണിക്കൂറുകളോളം പൂട്ടിയിട്ട ഇവരെ പോലീസെത്തിയാണ് പുറത്തിറക്കിയത്. കായികതാരങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥാനമൊഴിയുമെന്ന്‌ കായികവകുപ്പ് മേധാവി പ്രൊഫ. നാരായണമേനോൻ സൂചന നൽകി. കോളേജിൽ ദിവസങ്ങളായി കായികതാരങ്ങളും എസ്.എഫ്.ഐ. പ്രവർത്തകരും തമ്മിൽ തർക്കമുണ്ടായിരുന്നു.

വ്യാഴാഴ്ച രാത്രി കോളേജിൽനിന്ന്‌ വിനോദയാത്ര പോകാൻ തയ്യാറായി നിന്നിരുന്ന ഫങ്‌ഷണൽ ഇംഗ്ലീഷ് വിദ്യാർഥിയും ഫുട്ബോൾ താരവുമായ ജോയലിനുനേരെ ആക്രമണമുണ്ടായി. വെള്ളിയാഴ്ച മലയാളം വിദ്യാർഥികളായ നാല് ജൂഡോ താരങ്ങൾക്കുനേരെയാണ്‌ ആക്രമണമുണ്ടായത്‌.

തങ്ങളെ ആക്രമിക്കാൻ വന്നവരെ കണ്ട് ഭയന്ന വിദ്യാർഥികൾ ഹോസ്റ്റലിലെ മുകൾനിലയിലെ മുറിയിൽ കയറി കതകടച്ചു. പുറത്തുനിന്ന്‌ മറ്റുള്ളവർ വന്ന്‌ പൂട്ടുകയായിരുന്നുവെന്നാണ്‌ വിദ്യാർഥികൾ പറയുന്നത്‌. വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തിയാണ് വിദ്യാർഥികളെ പുറത്തെത്തിച്ചത്.

ഇക്കഴിഞ്ഞ ഒക്ടോബർ 12-നുണ്ടായ സംഭവങ്ങളുടെ തുടർച്ചയാണ് ഇപ്പോഴും നടക്കുന്നതെന്ന് പറയുന്നു. അതേസമയം, വിനോദയാത്ര പോകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കാരണമെന്നും പറയുന്നു. ഭീഷണിമൂലം ഇന്റർയൂണിവേഴ്സിറ്റി ബാസ്‌കറ്റ്ബോൾ ടീമിലെ 11 പേരെ കോളേജ് ഹോസ്റ്റലിൽനിന്ന്‌ മാറ്റേണ്ടിവന്നിരുന്നു. ഇവരെ മണ്ണുത്തിയിലേക്ക്‌ മാറ്റിത്താമസിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ചയിലെ സംഭവത്തെത്തുടർന്ന് കോളേജ് ഹോസ്റ്റൽ അനിശ്ചിതകാലത്തേക്ക്‌ അടച്ചു.

ആക്രമണമുണ്ടായേക്കുമെന്ന ആശങ്കയുടെ പശ്ചാത്തലത്തിൽ ശനിയാഴ്ച സെന്റ് അലോഷ്യസ് കോളേജിൽ നടക്കാനിരുന്ന ചാവറ ട്രോഫി ഫുട്ബോൾ സെമി ഫൈനലിൽനിന്ന്‌ കോളേജ് ടീം പിൻമാറി. ബന്ധപ്പെട്ട അധികാരികളുമായി ചർച്ച നടത്തിയശേഷം വകുപ്പ്‌ മേധാവി സ്ഥാനം ഒഴിയുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന്‌ െപ്രാഫ. നാരായണമേനോൻ പറഞ്ഞു.