തൃശ്ശൂര്‍: ശ്രീ കേരളവര്‍മ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എ.പി. ജയദേവന്‍ രാജിവെച്ചു. എന്നാല്‍ കോളേജിന്റെ മാനേജ്‌മെന്റായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് രാജി സ്വീകരിച്ചിട്ടില്ല. പ്രിന്‍സിപ്പല്‍ നിയമനവുമായി ബന്ധപ്പെട്ട് കോടതിയിലുള്ള കേസിന്റെ വിധി എതിരാകുമെന്ന സൂചനയെത്തുടര്‍ന്ന്

സ്ഥാനം ഒഴിയുകയാണെന്നാണ് വിവരം. കേരളവര്‍മയിലെ പ്രിന്‍സിപ്പല്‍ തസ്തിക തനിക്കാണെന്നു കാട്ടി വിവേകാനന്ദ കോളേജിലെ ഇപ്പോഴത്തെ പ്രിന്‍സിപ്പലാണ് കേസ് നല്‍കിയിട്ടുള്ളത്.

എസ്.എഫ്.ഐ. നേതൃത്വം നല്‍കുന്ന കോളേജ് യൂണിയനുമായുള്ള അഭിപ്രായ വ്യത്യാസവും രാജിക്ക് കാരണമായി പറയുന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച വിശദീകരണത്തിന് പ്രിന്‍സിപ്പല്‍ തയ്യാറായില്ല.

രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികളില്‍നിന്ന് ഫീസ് കൂടുതല്‍ വാങ്ങിയെന്നാണ് യൂണിയന്റെ ഒരു ആരോപണം. ഇതിന്റെ പേരില്‍ പ്രിന്‍സിപ്പലും എസ്.എഫ്.ഐ.യും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലായിരുന്നു.

ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യുന്നതിന് എസ്.എഫ്.ഐ. സ്ഥാപിച്ച ബോര്‍ഡുകള്‍ വിവാദമായതിനെത്തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഇടപെട്ട് നീക്കം ചെയ്യിച്ചിരുന്നു.

മൂന്ന് എസ്.എഫ്.ഐ. വിദ്യാര്‍ഥികളുടെ അറസ്റ്റും തുടര്‍ന്നുണ്ടായി. ബോര്‍ഡ് വിഷയത്തില്‍ പ്രിന്‍സിപ്പല്‍ സ്വീകരിച്ച നിലപാടിലും എസ്.എഫ്.ഐ.ക്ക് അമര്‍ഷമുണ്ടായിരുന്നു.

എസ്.എഫ്.ഐ. നേതൃത്വവുമായി രമ്യതയില്‍പ്പോകണമെന്ന ഉപദേശം പ്രിന്‍സിപ്പലിന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍നിന്നു ലഭിച്ചിരുന്നു. രാജി സ്വീകരിക്കുന്നത് ആലോചിച്ച് മതിയെന്ന നിലപാടിലാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍.