തൃശ്ശൂർ : ശിശുക്ഷേമസമിതികളിൽ പരാതികളുമായെത്തുന്ന കുട്ടികൾക്കെല്ലാം ഇനി വനിത-ശിശുവികസനവകുപ്പിന്റെ ‘ കാവൽ പ്ലസ് ’പിന്തുണ. ലൈംഗികാതിക്രമങ്ങൾ നേരിട്ടവരും ഗാർഹികമോ അല്ലാതെയോ ഉള്ള പ്രശ്‌നങ്ങൾ നേരിടുന്നവരും പ്രത്യേക പരിഗണന ആവശ്യമുള്ളവരുമായ കുട്ടികൾക്ക് സംരക്ഷണം ഉറപ്പാക്കുകയാണ് കാവൽ പ്ലസ് പദ്ധതി. 2020 ഡിസംബറിൽ തിരുവനന്തപുരത്തും പാലക്കാടുമായി തുടങ്ങിയ പദ്ധതി ഈ വർഷം കണ്ണൂർ, കോഴിക്കോട്, മലപ്പുറം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലേക്കും വ്യാപിപ്പിച്ചു.

ലൈംഗികാതിക്രമങ്ങൾക്ക് ഇരയായ കുട്ടികൾക്ക് പുറമേ മദ്യാസക്തിയുള്ള മാതാപിതാക്കളുള്ളവർ, ശിഥിലമായ കുടുംബങ്ങളിലുള്ളവർ, മോശം സാഹചര്യങ്ങളിൽ വളരുന്നവർ തുടങ്ങിയ വിഭാഗം കുട്ടികൾ ഭാവിയിൽ കുറ്റകൃത്യങ്ങളിലേയ്ക്ക് പോകാനുള്ള സാധ്യത ഇല്ലാതാക്കുകയാണ് ലക്ഷ്യം. ആവശ്യമായ പരിചരണവും പുനരധിവാസവും കൗൺസിലിങ്ങും നൽകി സാധാരണ ജീവിതത്തിലേക്ക്‌ കൊണ്ടുവരും. ശിശുക്ഷേമസമിതിക്ക്‌ മുമ്പിലെത്തുന്ന കുട്ടിയുടെ പ്രശ്‌നങ്ങളുടെ ഗൗരവം കണക്കിലെടുത്ത് വിവിധ വിഭാഗങ്ങളാക്കി തിരിച്ചാണ് പരിഹാരം കാണുക.

റിപ്പോർട്ട് ചെയ്തത് 15,685 ലൈംഗികാതിക്രമങ്ങൾ

സംസ്ഥാനത്ത് 2012 മുതൽ 2019 വരെയുള്ള കാലയളവിൽ രജിസ്റ്റർ ചെയ്തത് കുട്ടികൾക്കെതിരേയുള്ള 15,685 ലൈംഗികാതിക്രമ കേസുകൾ. ഇതിൽ 14,268 കുട്ടികൾ കോടതി നടപടി നേരിടുകയാണ്. പോക്‌സോ കേസുകളിൽ ഉൾപ്പെട്ട കുട്ടികളെ താമസിപ്പിക്കാൻ നിർഭയ സെല്ലിന്റെ കീഴിൽ 18 പുനരധിവാസകേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. 450-ഓളം കുട്ടികളാണ് ഈ കേന്ദ്രങ്ങളിൽ കഴിയുന്നത്.