തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് അഞ്ചുവർഷത്തിനുള്ളിൽ നിക്ഷേപകർ 200 കോടി പിൻവലിച്ചത് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. ഇത്ര ചെറിയ കാലത്ത് ഇത്രയേറെ നിക്ഷേപം പിൻവലിച്ചതിനു പിന്നിൽ ഭരണസമിതിക്ക് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്.

ബാങ്ക് പ്രതിസന്ധിയിലേക്ക് പോകുന്ന കാര്യമറിഞ്ഞ് ഭരണസമിതിയംഗങ്ങൾ വേണ്ടപ്പെട്ടവരുടെ പണം പിൻവലിക്കാൻ നിർദേശിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. അതിനാലാണ് ഭീമമായ നിക്ഷേപം അഞ്ചുവർഷത്തിനിടെ പിൻവലിച്ചത്.

2015-16 സാമ്പത്തികവർഷം 501 കോടിയുടെ നിക്ഷേപമുണ്ടായിരുന്നു കരുവന്നൂർ ബാങ്കിൽ. 2016-17-ൽ നിക്ഷേപം 424 കോടിയായി. 77 കോടിയാണ് ആ വർഷം പിൻവലിച്ചത്. 2017-18-ൽ നിക്ഷേപം 405 കോടിയായും അടുത്ത വർഷം 340 കോടിയായും കുറഞ്ഞു.

104 കോടിയുടെ തട്ടിപ്പുനടന്നെന്ന് സഹകരണവകുപ്പ് കണ്ടെത്തി റിപ്പോർട്ട്‌ ചെയ്ത അവസാനത്തെ സാന്പത്തികവർഷം നിക്ഷേപം 301 കോടിയായിരുന്നു. അഞ്ചുവർഷത്തിൽ 200 കോടിയാണ് പിൻവലിച്ചത്.

നിക്ഷേപം പൂർണമായും പിൻവലിച്ചവരും വലിയ നിക്ഷേപമുണ്ടായിരുന്നവരിൽ‍ വലിയ വിഹിതം പിൻവലിച്ചവരുമായ ഇടപാടുകാരെ കണ്ടെത്തി അവർക്ക് ഭരണസമിതിയംഗങ്ങളുമായുള്ള ബന്ധം കണ്ടെത്തും. സി.പി.എം. ഭരിച്ചിരുന്ന ബാങ്ക് പ്രതിസന്ധിയിലാണെന്ന കാര്യം പാർട്ടിതലത്തിൽ‍ അറിഞ്ഞ് ആ വഴിക്കും നിക്ഷേപകരെ സഹായിച്ച പാർട്ടി നേതാക്കളെയും കണ്ടെത്തും. സാധാരണക്കാരായ നിക്ഷേപകർക്ക് പണം തിരിച്ചുകിട്ടാതാകുംവിധം ബാങ്കിനെ എത്തിച്ചത് 200 കോടിയുടെ നിക്ഷേപം അഞ്ചുവർഷത്തിൽ പിൻവലിച്ചതിനാലാണ്.

കടുത്ത പ്രതിസന്ധിയിലായ ബാങ്കിൽനിന്ന് ഇപ്പോൾ നിക്ഷേപകർക്ക് ഒരാഴ്ചയിൽ ഒരു തവണ മാത്രം പരമാവധി 10,000 രൂപയേ പിൻവലിക്കാനാകൂ എന്ന വ്യവസ്ഥയുണ്ട്.

കിരണിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

തൃശ്ശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ നാലാം പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. പെരിഞ്ഞനം കുറ്റിലക്കടവ് പള്ളത്ത് കിരണിന്റെ (31) മുൻകൂർ ജാമ്യാപേക്ഷയാണ് തൃശ്ശൂർ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജ് പി.ജെ. വിൻസെന്റ് തള്ളി ഉത്തരവായത്.

ബാങ്കിലെ സി ക്ലാസ്‌ മെമ്പറായ കിരൺ വ്യാജരേഖയുണ്ടാക്കി സ്വന്തം പേരിലും മറ്റുള്ളവരുടെ പേരിലും കോടിക്കണക്കിന് രൂപയുടെ വായ്പ എടുക്കുകയായിരുന്നു. 33 കോടി രൂപയുടെ വായ്പയാണ് കിരൺ ഇത്തരത്തിൽ എടുത്തത്. പരാതികളെത്തുടർന്ന് ഇരിങ്ങാലക്കുട പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് സർക്കാർ ഉത്തരവ് പ്രകാരം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു.

വിവാദമുയർന്നപ്പോൾത്തന്നെ പ്രതി കിരൺ ഒളിവിൽ പോവുകയായിരുന്നു. തുടർന്നാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കേസന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും കേരളത്തിലെ സഹകരണമേഖലയുടെ വിശ്വാസ്യത തകർക്കുന്ന വിധത്തിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതിയുടെ ജാമ്യാപേക്ഷ അനുവദിക്കരുതെന്നുമുള്ള ജില്ലാ പബ്ലിക്‌ പ്രോസിക്യൂട്ടർ അഡ്വ. കെ.ഡി. ബാബുവിന്റെ വാദത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയത്.