സർവദോഷ പരിഹാരാർത്ഥേ...

ഒരുക്കുകൾ: നിലവിളക്ക്, രണ്ട് നാക്കിലകൾ,എള്ള്,പൂവ് (ചെറൂള,തുളസി) ചന്ദനം,ദർഭപ്പുല്ല്/കറുക,ഉണങ്ങല്ലരി, ഒരു കിണ്ടി വെള്ളം,ദർഭപ്പുല്ലുകൊണ്ടുള്ള പവിത്രം.ബലിയിടുന്നവർ തലേദിവസം ഒരിയ്ക്കൽ വ്രതമെടുക്കണം. നിലവിളക്ക് തെളിയിച്ച് തളിച്ചുമെഴുകണം. കുളിച്ച് ഈറനോടെ തറ്റുടുത്ത് പുരുഷന്മാർ തെക്കോട്ടും സ്ത്രീകൾ കിഴക്കോട്ടും മുഖമായി ഇരുന്ന്‌ വാവ് ഊട്ടണം. കർക്കടവാവായതിനാൽ ഉണങ്ങലരി മതി. കവ്യം,ഹവിസ്സ് എന്നീ പേരുകളിൽ അറിയപ്പെടുന്ന വേവിച്ചെടുത്ത ചോറ് ആവശ്യമില്ല. വലതുകൈയിലെ മോതിരവിരലിൽ ദർഭപ്പുല്ലുകൊണ്ടുള്ള പവിത്രം ധരിച്ച് വെള്ളമെടുത്ത് സപ്തനദികളെ ധ്യാനിക്കുന്നു. കാശിയിലിരുന്ന് തർപ്പണച്ചടങ്ങുകൾ ചെയ്യുന്നുവെന്നാണ് സങ്കല്പം.

സപ്തനദികളെ ധ്യാനിച്ച്

ഗംഗേ ച യമുന ചൈവ ഗോദാവരി സരസ്വതി നർമദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരും

എന്ന ശ്ലോകം ചൊല്ലി ജലം ആവാഹിച്ച് കിണ്ടിയിൽ നിറയ്ക്കും. ശിരസ്സിലും കണ്ണിലും പാദത്തിലും വെള്ളം സ്പർശിച്ച് സ്നാന സങ്കല്പം. ഇലകൾ ശുദ്ധമാക്കി ഗണപതിക്ക്

ഓം ഗം ഗണപതേ നമഃ എന്ന് ഉരുവിട്ട് പൂവ് ആരാധിക്കും. ദർഭപ്പുല്ല് വെള്ളത്തിൽ കടയും തലയും മുക്കി കൈയിൽ ചെരിച്ചുപിടിച്ച് പിതൃലോകത്തുനിന്ന് പിതൃക്കളെ ആവാഹിച്ച് മെഴുകിയ ഇലയിൽ അഭിമുഖമായി പരത്തിവെയ്ക്കുന്നു. എള്ളും പൂവും ചന്ദനവും വെളളവുമെടുത്ത് ഹൃദയത്തിലേയ്ക്ക് പിടിച്ച് സ്ഥലശുദ്ധി, കർമശുദ്ധി, ദേഹശുദ്ധി. പുല്ലിന്റെ തല, നടു,പാദം എന്നിവ മരിച്ച വ്യക്തിയുടെ ശരീരമായാണ് സങ്കൽപ്പിക്കുന്നത്.

അഭിവാദയേ എന്നു പറഞ്ഞ് എള്ള്,പൂവ്,ചന്ദനം, വെള്ളംകൂട്ടി ഹൃദയത്തിൽ ചേർത്തുപിടിച്ച് തലയ്ക്കൽ സമർപ്പിച്ച് സ്ഥലശുദ്ധി പ്രായശ്ചിത്തം, നടുഭാഗത്ത് ഇതേരീതിയിൽ കർമശുദ്ധി പ്രായശ്ചിത്തം,മൂന്നാമത് പാദാരത്തിൽ ദേഹശുദ്ധി പ്രായശ്ചിത്തം. തുടർന്ന് പാദം തൊട്ടുതൊഴുത് കൈ ശുദ്ധമാക്കുന്നു. പരത്തിവെച്ച പുല്ലിന്റെ വലതുഭാഗം തളിച്ച് മെഴുകി തുളസി പൂ നനച്ചുവെയ്ക്കും. എള്ളുംപൂവും ചന്ദനവും വെള്ളംകൂടി ഹൃദയത്തിൽ പിടിച്ച് വംശപിതൃക്കളെ

ഏകോധിഷ്ഠ പ്രായശ്ചിത്തം ഇദം ഓം തത്സത് എന്ന മന്ത്രം ഉരുവിട്ട് സമർപ്പിക്കും. തുടർന്ന് മൂന്ന് തവണ എള്ളും ചന്ദനവും പൂവും തൊട്ട് നീര് കൊടുത്ത് ആരാധിക്കും.

തുടർന്ന് അശ്വിനി ദേവന്മാരെ ധ്യാനിച്ച് വിശ്വദേവതകൾക്ക് അക്ഷതപിണ്ഡം സങ്കൽപ്പിച്ച് പുല്ലിന്റെ തലയ്ക്കൽ വെയ്ക്കുന്നു. എള്ളും ,ചന്ദനവും തൊട്ട് ഒാരോ നീര്. ഒരു പൂവും ആരാധിക്കണം. വീണ്ടും എള്ളും പൂവും ചന്ദനവും വെള്ളവും കൂട്ടി വംശപിതൃക്കൾക്ക് ഉച്ഛിഷ്ട ബലി സങ്കൽപ്പിച്ച് നടുവിൽ തൂവുന്നു. തുടർന്ന് എള്ള്,ചന്ദനംനീരും,പൂവ് ആരാധന. അവസാനത്തെ ഇലയിൽ ബാക്കിയുള്ള എള്ള്,പൂവ്,ചന്ദനം വെള്ളംകൂട്ടി രണ്ടു കൈയിലും പകുത്തുപിടിച്ച് മനസ്സിൽ ധ്യാനിച്ച് വംശപിതൃക്കളെ

വീട്ടിലിരുന്ന് : ബലിയിടാംഏതൻമേ നാന്നീമുഖ ശ്രാദ്ധം വിശ്വഭ്യോ ദേവേഭ്യോ പിതൃപിതാ മഹേഭ്യ പ്രപിപതാ മഹേഭ്യാ ഓംതത്സത് സർവദോഷ പരിഹാരാർതേ പറഞ്ഞു പാദത്തിൽ അതായത് പുല്ലിന്റെ കടയ്ക്കിൽ സമർപ്പിക്കണം.

പിതൃക്കളെ മനസ്സിൽ ധ്യാനിച്ച് നീര് കൊടുത്ത് തൊഴുത് ഇലയിലെ ഉണങ്ങലരിയും എളളും എടുത്ത് നനച്ച് രണ്ട് കൈയ്യും ഹൃദയത്തിലേയ്ക്ക് പിടിച്ച് അമാവാസി പിണ്ഡം പുല്ലിനു നടുവിൽ വെക്കുന്നു. തുടർന്ന് നീര് നൽകലും ആരാധനയും. പാദം തൊട്ട് തൊഴുത് ഇല കുമ്പിളാക്കി വെളളം പകർന്ന് മൂന്ന് തവണ പിണ്ഡത്തിനു ചുറ്റും ഉഴിഞ്ഞ് ഇല മീതെ കമിഴ്ത്തുക.

പവിത്രം ഈരി കെട്ടഴിച്ച് ഇലയുടെ ചുവട്ടിലിട്ട് കിണ്ടിയിൽ വെള്ളമെടുത്ത് തളിച്ച് ഇല നിവർത്തിവെക്കും. ഇലയിൽനിന്ന് പൂവെടുത്ത് വാസനിച്ച് പിറകുവശത്തേക്ക്‌ ഇടണം. എഴുന്നേറ്റ് കിഴക്കോട്ട് അഭിമുഖമായിനിന്ന് കാശി ഗയ സങ്കൽപ്പത്തിൽ തൊഴുത് വംശപിതൃക്കളെ ക്രിയ ചെയ്ത സ്ഥലത്ത് പുരുഷന്മാർ സാഷ്ടാംഗം നമസ്‌കരിക്കണം.

സ്ത്രീകൾ മുട്ട് കുത്തിയും. വെള്ളം തളിച്ച് എല്ലാമെടുത്ത് ശുദ്ധമാക്കിയ സ്ഥലത്തുവെച്ച് മരിച്ചവരെ മനസ്സിൽ ധ്യാനിച്ച് നാരായണനാമം ജപിച്ച് മൂന്ന് തവണ പിണ്ഡത്തിലേയ്ക്ക് നീര് കൊടുക്കണം. ശേഷം അമർത്തി കൈകൊട്ടുന്നു. വാവ് ഊട്ടിയതിൽനിന്ന് രണ്ടുമണി അരിയെടുത്ത് കിണറ്റിൽ ഇടുന്നത് ഉത്തമം. തീർത്ഥത്തിൽ ഒഴുക്കാനാവാത്തതിനാലാണിത്. തുടർന്ന് കുളിച്ചു വന്ന് നനച്ച ഭസ്മം പുരുഷന്മാർ നീട്ടി തൊടും. തറവാട്ടിലെ ധർമദൈവത്തേയും പ്രാർഥിച്ച് സാധിക്കുന്നപക്ഷം തിലഹോമം സായുജ്യ പൂജ ക്ഷേത്രത്തിൽ കഴിച്ചാൽ ഉചിതം.

(തയ്യാറാക്കിയത് : വി. മുരളി)