ഇരിങ്ങാലക്കുട: കർഷകരുടെയും സാധാരണ ജനങ്ങളുടെയും സ്‌നേഹവും വാത്സല്യവും ഏറ്റുവാങ്ങി അവരിലൊരാളായിട്ടായിരുന്നു രാജാജി മാത്യു തോമസിന്റെ ഇരിങ്ങാലക്കുടയിലെ ബുധനാഴ്ചത്തെ പര്യടനം. രാവിലെ കല്ലേറ്റുംകരയിലെ വടക്കുമുറിയിൽ നിന്നാരംഭിച്ച പര്യടനം രാത്രി കാക്കാതുരുത്തിയിലാണ് സമാപിച്ചത്.
തൊഴിലാളികളും കർഷകരും അമ്മമാരും യുവാക്കളും രാജാജിയെ സ്വീകരിക്കാൻ സ്വീകരണകേന്ദ്രത്തിൽ കാത്തുനിന്നിരുന്നു. പൂക്കളും കണിക്കൊന്നയും വിഷുക്കണിവിഭവങ്ങളും ചക്ക, മാങ്ങ, പച്ചമുളക് എന്നിവയടക്കം പച്ചക്കറിവിഭവങ്ങളും സ്ഥാനാർഥിക്ക് ഉപഹാരമായി സമ്മാനിച്ചു. ചിലയിടങ്ങളിൽ ചിഹ്നമായ ധാന്യക്കതിരും അരിവാളുമാണ് രാജാജിക്ക് ലഭിച്ചത്.
കത്തുന്ന വെയിലിലും സ്വീകരണത്തിന് ആവേശം ഉയർത്താൻ വാദ്യമേളങ്ങൾ അകമ്പടിയായി. മണ്ഡലത്തിലെ ദളിത്, കർഷകത്തൊഴിലാളി, കർഷകജനവിഭാഗങ്ങളുടെ സമരപോരാട്ടങ്ങൾ നടന്ന കേന്ദ്രങ്ങളിലും സ്ഥാനാർഥി എത്തി. രാവിലെ എട്ടിന് കല്ലേറ്റുംകര വടക്കുമുറിയിൽ നിന്നാരംഭിച്ച പര്യടനപരിപാടി കെ.യു. അരുണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ചുരുങ്ങിയ വാക്കുകളിലൂടെ രാജാജി മറുപടിപ്രസംഗത്തിൽ വ്യക്തമാക്കി. തുടർന്ന് അലങ്കരിച്ച തുറന്ന വാഹനത്തിൽ കല്ലേറ്റുംകരയിലേക്ക് പുറപ്പെട്ടു. അവിടെനിന്നും ആളൂർ, മുരിയാട്, വേളൂക്കര പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി മാടായിക്കോണത്ത് രാവിലത്തെ പര്യടനം സമാപിച്ചു. പി.കെ. ചാത്തൻമാസ്റ്ററുടെ വീട്ടിലായിരുന്നു ഉച്ചഭക്ഷണം.
നടവരമ്പിലെ കർഷകത്തൊഴിലാളി പോരാട്ടത്തിന്റെ നായികയായ 103 വയസ്സുള്ള ചക്കി പ്രായാധിക്യം മറന്ന് ഐക്കരക്കുന്നിൽ രാജാജിയെ അനുഗ്രഹിക്കാനെത്തിയത് നേതാക്കളിലും അണികളിലും ആവേശം നിറച്ചു. മൂന്നരയോടെ വാതിൽമാടത്തുനിന്നും ആരംഭിച്ച പര്യടനം പൊറത്തിശ്ശേരി, ഇരിങ്ങാലക്കുട, കാറളം, കാട്ടൂർ, പൂമംഗലം, പടിയൂർ പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി വൈകീട്ട് കാക്കാത്തുരുത്തിയിൽ രണ്ടാംഘട്ട പര്യടനപരിപാടി സമാപിച്ചു.
ഇടതുപക്ഷ നേതാക്കളായ ഉല്ലാസ് കളക്കാട്ട്, ടി.കെ. സുധീഷ്, പി. മണി, കെ.പി. ദിവാകരൻ, കെ.സി. പ്രേമരാജൻ, എം.കെ. സേതുമാധവൻ, കെ.കെ. ബാബു, ലത്തീഫ് കാട്ടൂർ എന്നിവരും സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.