ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടയിൽ കല്ലേറിൽ ഒരാൾക്ക് പരിക്കേറ്റു. ബി.കോം. മൂന്നാംവർഷ വിദ്യാർഥിയും പറവൂർ സ്വദേശിയുമായ സഞ്ജു പ്രകാശി (20) നാണ് കല്ലേറിൽ പരിക്കേറ്റത്.
സംഭവത്തിൽ കണ്ടാലറിയാവുന്ന പത്ത് വിദ്യാർഥികളുടെ പേരിൽ പോലീസ് കേസെടുത്തു. കല്ലേറിൽ രണ്ടു പല്ലുകൾ നഷ്ടപ്പെട്ട സഞ്ജുവിനെ അധ്യാപകരുടെയും യൂണിയൻ ഭാരവാഹികളുടെയും നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലും പിന്നിട് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിന് ശേഷം കോളേജ് ഗേറ്റിന് പുറത്ത് നിൽക്കുന്നതിനിടയിലാണ് കല്ലേറ് നടന്നത്.
എന്നാൽ ആരാണ് കല്ലെറിഞ്ഞതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവമറിഞ്ഞ് ഇരിങ്ങാലക്കുട സി.ഐ. പി.ആർ. ബിജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോളേജിൽ എത്തി, സ്ഥിതിഗതികൾ വിലയിരുത്തി. കോളേജിലെ സി.സി.ടി.വി. ക്യാമറ ദ്യശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കണ്ടാലറിയാവുന്ന പത്ത് വിദ്യാർഥികളുടെ പേരിൽ കേസെടുത്തിരിക്കുന്നത്.