ഇരിങ്ങാലക്കുട: ‘നമ്മുടെ ഇരിങ്ങാലക്കുട’ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിരാലംബരായ 14 കുടുംബങ്ങൾക്ക് സൊസൈറ്റി മോഡലിൽ വീട് ഒരുക്കുന്ന പദ്ധതിക്ക് ഞായറാഴ്ച മുരിയാട് തുടക്കമാവും. ‘തണൽ വീട് ’ എന്ന പേരിൽ നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് ഒന്നരകോടി രൂപയോളമാണ് നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്.
സന്നദ്ധ സംഘടനയായ ‘ഫുഡ് ഫോർ ഹംഗ്രി’ ഫൗണ്ടേഷനാണ് ഇതിന്റെ ചെലവുകൾ വഹിക്കുന്നത്. രാവിലെ 11.45 - ന് ഇരിങ്ങാലക്കുട സബ് ജഡ്ജ് ജോമോൻ ജോൺ തണൽ വീടിന്റെ തറക്കല്ലിടൽ കർമം നിർവഹിക്കും. നമ്മുടെ ഇരിങ്ങാലക്കുട കൂട്ടായ്മയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ വാങ്ങിയ 20 സെന്റ് സ്ഥലത്തിലാണിത് ഉയരുന്നത്. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ അർഹതപ്പെട്ട 14 കുടുംബങ്ങളെയാണ് വിവിധ പഞ്ചായത്ത്/ നഗരസഭാ ഭരണ സമിതികളുടെ സഹായത്തോടെ പദ്ധതിയുടെ ഗുണഭോക്താക്കളായി തിരഞ്ഞെടുക്കുക.