ഇരിങ്ങാലക്കുട: മുൻവൈരാഗ്യം മൂലം കല്ലുകൊണ്ട് തലയിലെറിഞ്ഞ് പരിക്കേൽപ്പിച്ച പ്രതിക്ക് കോടതി മൂന്ന് വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കുറ്റിച്ചിറ വില്ലേജ് കാരാപ്പാടം പള്ളത്തേരി കണ്ടാരന്റെ മകൻ മാധവനെ (65) കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച കേസിൽ കുറ്റിച്ചിറ കുമ്പളത്താൻ നിബീഷി (21) നെയാണ് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ.എസ്. രാജീവ് ശിക്ഷിച്ചത്.
2016 സെപ്റ്റംബർ 29-ന് കുറ്റിച്ചിറ കാരാപ്പാടത്ത് വെച്ചായിരുന്നു സംഭവം.
മാധവന്റെ വീട്ടിൽ ബന്ധുകൂടിയായ നിബീഷ് സുഹൃത്തുക്കളുമായെത്തി മദ്യപിച്ചതിനെത്തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെയാണ് സംഭവം. മാധവനെ പ്രതി കാനയിലേക്ക് തള്ളിയിട്ട് കല്ലുകൊണ്ട് ശക്തിയായി തലയിലെറിയുകയായിരുന്നു. പരിക്കേറ്റ മാധവനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഹൃദയാഘാതം മൂലം മരിച്ചു.
കൊടകര എസ്.ഐ.യായിരുന്ന കെ. സുമേഷാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ. ജോബി ഹാജരായി.