ഇരിങ്ങാലക്കുട: ചരിത്രത്തിൽ ആദ്യമായി റവന്യൂ സ്കൂൾ കായികമേളയിൽ ഇരിങ്ങാലക്കുട ഉപജില്ല ജേതാക്കളാകുമ്പോൾ നേട്ടത്തിൽ തല ഉയർത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് അത്ലറ്റിക് അക്കാദമിയും. കായികമേളയിൽ സ്കൂൾതലത്തിൽ ഒന്നാം സ്ഥാനം നേടിയത് ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളാണ്. ഇവിടത്തെ അത്ലറ്റുകൾക്ക് വേണ്ട പരിശീലനം നൽകിയതാകട്ടെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്കാദമിയിലെ പരിശീലകരും.
നാഷണൽ സ്കൂളിനുവേണ്ടി പങ്കെടുത്ത ഭൂരിഭാഗം കായികതാരങ്ങൾക്കും സൗജന്യമായി പരിശീലനം നൽകുന്നത് ക്രൈസ്റ്റ് അക്കാദമിയിലെ സ്പോർട്ട്സ് കൗൺസിൽ കോച്ച് സേവ്യർ പൗലോസാണ്. ക്രൈസ്റ്റ് അക്കാദമിയുടെ കീഴിൽ പരിശീലനം നടത്തുന്ന 25-ലേറെ കുട്ടികളാണ് നാഷണലിനുവേണ്ടി മേളയിൽ പങ്കെടുത്തത്. ഇതിൽ ഭൂരിഭാഗവും മെഡലുകൾ നേടി.
കഴിവുള്ള കുട്ടികളെ കണ്ടെത്തി അവരെ സൗജന്യമായി പഠിപ്പിക്കാൻ ക്രൈസ്റ്റ് കോളേജിലെ ഫാ. ജോയ് പീനിക്കാപറമ്പിലും നാഷണൽ എച്ച്.എസ്.എസിലെ ബാബു ആന്റണിയും സദാ സന്നദ്ധരായതാണ് ഈ നേട്ടത്തിന് പിന്നിൽ. അങ്ങനെ മണിപ്പൂരടക്കമുള്ള സ്ഥലങ്ങളിൽ നിന്നും കുട്ടികളെ കൊണ്ടുവന്ന് സൗജന്യമായി ഭക്ഷണവും താമസസൗകര്യവും നൽകി പഠിപ്പിക്കുകയും പരിശീലനം നൽകുകയും ചെയ്തു. നാഷണൽ സ്കൂളിലെ കായികാധ്യാപകൻ ബാബു ആന്റണിയാണ് ഇതിനായി പ്രയത്നിച്ചത്.
കുട്ടികൾക്ക് കോളേജിലെ കായികതാരങ്ങൾക്കൊപ്പം പരിശീലനവും പ്രഭാതഭക്ഷണവും നൽകാൻ ക്രൈസ്റ്റ് കോളേജിലെ ഫാ. ജോയ് പീനിക്കാപറമ്പിലും മാനേജ്മെന്റും തയ്യാറായി. അഞ്ചുവർഷമായി പരിശീലനം നൽകുന്നുണ്ടെങ്കിലും പലരും ആദ്യമായിട്ടാണ് കായികമേളയിൽ മത്സരിക്കുന്നതെന്ന് സേവ്യർ പറഞ്ഞു. ഇന്ത്യൻ പതാക ഉയർത്താൻ കഴിവുള്ളവരും ഇക്കൂട്ടത്തിലുണ്ട്. സേവ്യർ പൗലോസിന് പുറമെ ക്രൈസ്റ്റ് അക്കാദമിയിലെ കോച്ച് വാൾട്ടർ ജോൺ, കോളേജ് പ്രിൻസിപ്പൽ മാത്യൂ പോൾ ഊക്കൻ, ഫാ. ജോളി, കോളേജ് മാനേജ്മെന്റ്, നാഷണൽ സ്കൂൾ മാനേജ്മെന്റ് എന്നിവരുടെ സഹായവും പ്രോത്സാഹനവുമെല്ലാം വിജയത്തിന് മാറ്റുകൂട്ടി.
ഇരിങ്ങാലക്കുടയെ അത്ലറ്റിക്കിന്റെ ഒരു ഹബ്ബാക്കി തീർക്കാനുള്ള പ്രയത്നമാണ് ഇതിനു പിറകിൽ.