തൃശ്ശൂര്‍: ഹര്‍ത്താല്‍ദിനത്തില്‍ ജില്ലയില്‍ വിവിധസംഘടനകളുടെ പ്രകടനങ്ങളുടെയും പ്രതിഷേധങ്ങളുടെയും കുത്തൊഴുക്ക്. വിവിധ രാഷ്ട്രീയകക്ഷികളുടെ പ്രകടനങ്ങള്‍ ഒരുമിച്ചുവന്ന് സംഘര്‍ഷമുണ്ടാകാതിരിക്കാനന്‍ പോലീസ് പാടുപെട്ടു. പ്രമുഖ പാര്‍ട്ടികളുടേതുള്‍പ്പെടെ അഞ്ചുപ്രകടനമാണ് രാവിലെതന്നെ നഗരത്തില്‍ നടന്നത്. വൈകീട്ടും രണ്ടു പ്രകടനങ്ങള്‍ നടന്നു. പാര്‍ഥസാരഥി ക്ഷേത്രം ഏറ്റെടുത്തതിനെതിരേയും ദുരിതംവിതച്ച  നോട്ടുനിരോധനത്തിന്റെ വാര്‍ഷികത്തില്‍ പ്രതിഷേധിച്ചുമാണ് പ്രകടനങ്ങള്‍ നടന്നത്.  

ഹര്‍ത്താലിന്റെ ഭാഗമായി ഹിന്ദു ഐക്യവേദി നഗരത്തില്‍ പ്രകടനം നടത്തി. നോട്ടുനിരോധനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും പ്രകടനം നടത്തി. കരിദിനാചരണത്തിന്റെ ഭാഗമായാണിത്. എല്‍.ഡി.എഫ്. എസ്.ബി.ഐ. മാര്‍ച്ചാണ് സംഘടിപ്പിച്ചത്. വ്യാപാരി വ്യവസായി സമിതിയുടെയും മാര്‍ച്ച് ഇവിടേക്കുതന്നെയായിരുന്നു. ഐ.എന്‍.ടി.യു.സി.യും പ്രകടനം നടത്തിയിരുന്നു. ബാങ്ക് ജീവനക്കാരുടെ പ്രകടനങ്ങളാണ് വൈകീട്ടുനടന്നത്.

പ്രധാന പ്രകടനങ്ങള്‍ എല്ലാം രാവിലെയായിരുന്നു. പല സമയത്തും പ്രകടനങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടുന്ന സ്ഥിതിവന്നു. പോലീസ് ഇടപെട്ട് ഇതൊഴിവാക്കുകയായിരുന്നു. നടുവിലാലിലെ എസ്.ബി.ഐ. ഓഫീസിനുമുന്നില്‍ എല്‍.ഡി.എഫിന്റെയും വ്യാപാരി വ്യവസായി സമിതിയുടെയും പ്രതിഷേധം നടക്കുമ്പോഴാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധജാഥ ആരംഭിക്കുന്നത്. ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധവും ഈ സമയം റൗണ്ടില്‍ ഉണ്ടായിരുന്നു. മുന്‍കരുതലായി ഇതു റൗണ്ടില്‍ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞു.

മറ്റു പ്രതിഷേധങ്ങള്‍ ഏറെക്കുറെ അവസാനിച്ചപ്പോഴാണ് കോണ്‍ഗ്രസ് ജാഥ റൗണ്ടില്‍ പ്രവേശിച്ചത്. മോദിവിരുദ്ധ മുദ്രാവാക്യത്തോടെ നടുവിലാലില്‍ ജാഥയെത്തിയപ്പോള്‍ അവിടെനിന്നിരുന്ന ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ മോദി അനുകൂല മുദ്രാവാക്യം മുഴക്കി. ഇതും പോലീസിനെ അല്‍പ്പനേരത്തേക്ക് ആശങ്കയിലാക്കി. ഈസ്റ്റ് വെസ്റ്റ് സി.ഐ. മാരുടെ നേതൃത്വത്തിലാണ് പ്രകടനങ്ങള്‍ നിയന്ത്രിച്ചത്. നാല് എസ്.ഐ. മാരും എഴുപതോളം പോലീസുകാരും സ്ഥലത്തുണ്ടായിരുന്നു.

കരിദിനം ആചരിച്ച് കോണ്‍ഗ്രസ്

നോട്ടുനിരോധന വാര്‍ഷികത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധപ്രകടനത്തില്‍ പ്രധാനമന്ത്രിയെ പ്രതീകാത്മകമായി തൂക്കിലേറ്റി. കരിങ്കൊടി വീശി, കരിദിനം എന്നെഴുതിയ ബലൂണുകളും കൈയിലേന്തിയായിരുന്നു പ്രകടനം. നിരോധിച്ച നോട്ടുകളുടെ പടമുള്ള ഉടുപ്പുകളിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാഥയില്‍ പങ്കെടുത്തു. തേറമ്പില്‍ രാമകൃഷ്ണന്‍ ഡി.സി.സി. പ്രസിഡന്റ് ടി.എന്‍. പ്രതാപന് കരിങ്കൊടി കൈമാറിയായിരുന്നു ഉദ്ഘാടനം. ഇതിന്റെ ഭാഗമായി നടന്ന യോഗത്തില്‍ അനില്‍ അക്കര എം.എല്‍.എ., ടി.വി. ചന്ദ്രമോഹന്‍, എം.പി. ഭാസ്‌കരന്‍നായര്‍, ഒ. അബ്ദുറഹിമാന്‍കുട്ടി, ജോസഫ് ചാലിശ്ശേരി, ഐ.പി. പോള്‍, ജോസഫ് ടാജറ്റ്, ജോസ് വള്ളൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഹിന്ദു ഐക്യവേദി പ്രകടനം

ഹര്‍ത്താലിന്റെ ഭാഗമായി ഹിന്ദു ഐക്യവേദി പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗത്തില്‍ ധര്‍മ്മജാഗരണ്‍ മഞ്ച് പ്രാന്തീയ പ്രമുഖ് വി. വിശ്വനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. ഹിന്ദുഐക്യവേദി ജില്ലാപ്രസിഡന്റ് ബാലന്‍ അധ്യക്ഷതവഹിച്ചു.സംസ്ഥാന സെക്രട്ടറി പി. സുധാകരന്‍, രാജന്‍ കുറ്റുമുക്ക്, മണികണ്ഠന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രകടനത്തിന് സംഘപരിവാര്‍ സംഘടനകളുടെ നേതാക്കളായ എ. നാഗേഷ്, എ.സി. കൃഷ്ണന്‍, സി.കെ. മധു, എ.പി. ഭരത്കുമാര്‍, വത്സന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

എല്‍.ഡി.എഫ്. മാര്‍ച്ച്

കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരേ നോട്ട് അസാധുവാക്കല്‍ ദിനത്തിന്റെ വാര്‍ഷികത്തില്‍ എല്‍.ഡി.എഫ്. പ്രതിഷേധപ്രകടനം നടത്തി. നടുവിലാലിലുള്ള എസ്.ബി.ഐ. ഓഫീസിലേക്കായിരുന്നു മാര്‍ച്ച്. തുടര്‍ന്ന് ധര്‍ണയും നടന്നു. മാര്‍ച്ച് തെക്കേ ഗോപുരനടയില്‍നിന്നാരംഭിച്ചു. പ്രകടനം സി.പി.ഐ. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദന്‍ ഉദ്ഘാടനം ചെയ്തു.  സി.പി.എം. ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് വിവിധ ഘടകകക്ഷിനേതാക്കളായ പി.ടി. അഷറഫ്, സി.ആര്‍. വത്സന്‍, എ.വി. വല്ലഭന്‍, പോള്‍എം. ചാക്കോ, പി.വി. വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.