ഗുരുവായൂർ: ഹർത്താലായിട്ടും ഗുരുവായൂരിൽ തിങ്കളാഴ്ച നടന്നത് 137 വിവാഹങ്ങൾ. അതും പതിവ്‌ ആഘോഷങ്ങളോടെത്തന്നെ. രാവിലെ മുതൽ ക്ഷേത്രനടയിൽ വിവാഹത്തിരക്കായിരുന്നു.

സാധാരണ ഹർത്താൽദിനങ്ങളിൽ വിവാഹങ്ങൾ നടക്കാറുണ്ടെങ്കിലും നവദമ്പതിമാരും കൂടെയുള്ള അത്യാവശ്യക്കാരും മാത്രമേ കാണാറുള്ളൂ. പക്ഷേ, തിങ്കളാഴ്ചത്തെ സ്ഥിതി മറിച്ചായിരുന്നു. വിവാഹസംഘങ്ങളുടെ വാഹനങ്ങൾ എവിടെയും ഹർത്താലനുകൂലികൾ തടഞ്ഞില്ല എന്നതാണ് പ്രധാന കാരണം. രാവിലെ മുതൽ ഗുരുവായൂരിലെ പാർക്കുകളിലും റോഡരികുകളിലും വാഹനങ്ങൾ നിരന്നു. പൊതുവെ വിവാഹത്തിരക്കുള്ള ഞായറാഴ്ചയുടെ പ്രതീതിയായിരുന്നു എങ്ങും.

ക്ഷേത്രത്തിൽ ദർശനത്തിനും നല്ല തിരക്കായിരുന്നു. പ്രസാദ ഊട്ടിൽ ഏഴായിരത്തിലേറെ പേർ പങ്കെടുത്തു. 400 കുട്ടികൾക്ക് ചോറൂൺ ഉണ്ടായി. തിങ്കളാഴ്ച രാവിലെ നാലു മുതൽ ഹർത്താൽ തുടങ്ങുന്ന ആറുവരെ ക്ഷേത്രനടയിലെ ഹോട്ടലുകളെല്ലാം തുറന്നിരുന്നു. അതുകൊണ്ട് ഭക്തർക്ക് പ്രാതലിന് ബുദ്ധിമുട്ടുണ്ടായില്ല. യാത്രാബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് നിരവധിപ്പേർ തലേന്ന് ഗുരുവായൂരിലെത്തി ലോഡ്ജുകളിൽ താമസിച്ചിരുന്നു.