ഒല്ലൂർ: തകർന്നുകിടന്ന ഒല്ലൂരിലെ റോഡിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി. ഹർത്താൽദിനത്തിലും അതിവേഗത്തിൽ ജോലികൾ നടന്നു. വ്യവസായ എസ്റ്റേറ്റുമുതൽ ക്രിസ്റ്റഫർനഗർ ജങ്ഷൻവരെയുള്ള മൂന്നുകിലോമീറ്റർ ഭാഗത്താണ്‌ റോഡിന്റെ മധ്യഭാഗം വെട്ടിപ്പൊളിച്ചതിനെത്തടർന്ന് തകർന്നത്.

കുടിവെള്ള പൈപ്പുകൾ സ്ഥാപിച്ചശേഷം റോഡ് നന്നാക്കാതെ കിടന്നതിനാൽ ഇതുവഴി ഏറെ ദുരിതപൂർണമായിരുന്നു യാത്ര. റോഡിലെ കുഴികളിൽപ്പെട്ട് വീണുണ്ടായ അപകടങ്ങളിൽ മൂന്നു പേരാണ് മരിച്ചത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഇതുവഴി ദുരിതയാത്ര തുടങ്ങിയിട്ട് ആറുമാസമായി. വെട്ടിപ്പൊളിച്ച ഭാഗം കുഴിച്ച് മണ്ണുനീക്കി പ്രത്യേക മിശ്രിതം നിറച്ച് ടാറൊഴിച്ച് മെറ്റൽ നിരത്തിയുള്ള പണികളാണ് പുരോഗമിക്കുന്നത്. ഇത് പൂർത്തിയാവുന്നതോടെ പൂർണമായി ടാറിടലും നടത്തുമെന്ന് ഡിവിഷൻ കൗൺസിലർ സി.പി. പോളി പറഞ്ഞു. റോഡിന്റെ നിലവിലുള്ള അറ്റകുറ്റപ്പണികളും ഇതോടൊപ്പം നടത്തിയാകും ടാറിടൽ നടത്തുക.