360 പേർക്ക് കുഴിമന്തി വിളമ്പി കോപ്പ വിജയാഘോഷം
• കൊടുങ്ങല്ലൂരിലെ ചുമരിൽ തീർത്ത മെസ്സിയുടെ
30 അടി ഉയരമുള്ള ചിത്രം ടി.എൻ. പ്രതാപൻ എം.പി. പ്രകാശനം ചെയ്യുന്നു.
സമീപം അർജന്റീന ആരാധകനായ കടയുടമ യാദിൽ ഇക്ബാ

കൊടുങ്ങല്ലൂർ : കോപ്പ അമേരിക്ക ട്രോഫിയിൽ അർജന്റീനയും മെസ്സിയും മുത്തമിട്ടപ്പോൾ കൊടുങ്ങല്ലൂരുകാരും വെറുതെയിരുന്നില്ല. വിജയാഹ്ലാദം അണപൊട്ടിയൊഴുകിയപ്പോൾ ഇവിടെയുയർന്നത് മെസ്സിയുടെ കൂറ്റൻ ചിത്രം. ഒപ്പം 360 പേർക്ക് കുഴിമന്തിയും. അർജന്റീനയുടെയും ക്യാപ്റ്റൻ മെസ്സിയുടെയും കടുത്ത ആരാധകനായ കൊടുങ്ങല്ലൂർ സ്വദേശി യാദിൽ ഇക്ബാലാണ് വിജയാഹ്ലാദം വ്യത്യസ്തമാക്കാൻ നേതൃത്വം നൽകിയത്.

കൊടുങ്ങല്ലൂർ വടക്കേനടയിലെ കെ ടൗൺ റസ്റ്റോറന്റിന്റെയും ഇരിങ്ങാലക്കുട ഇക്കുഭായ് കുഴിമന്തിക്കടയുടെയും ഉടമയാണ് എറിയാട് യൂബസാർ മഠത്തിപ്പറമ്പിൽ യാദിൽ ഇക്ബാൽ. ഇരുപത്തഞ്ചുകാരനായ യാദിൽ കൊടുങ്ങല്ലൂരിലെ കടയുടെ മുൻവശത്തെ കെട്ടിടത്തിലാണ് 30 അടി ഉയരവും 20 അടി വീതിയുമുള്ള മെസ്സിച്ചിത്രം തീർത്തത്.

എടവിലങ്ങിലുള്ള റാഷിദ് മെറാക്കിയെന്ന കലാകാരൻ അഞ്ചുദിവസംകൊണ്ടാണ് ചിത്രം വരച്ചത്. അർജന്റീനയുടെ ആരാധകൻകൂടിയായ ടി.എൻ. പ്രതാപൻ എം.പി. ശനിയാഴ്‌ച ചിത്രം പ്രകാശനം ചെയ്തു. ഒപ്പം കുഴിമന്തി വിതരണവും. അർജന്റീന കിരീടം നേടിയാൽ ഇരിങ്ങാലക്കുടയിലെ കടയിൽനിന്ന് ഒരു ചെമ്പും കൊടുങ്ങല്ലൂരിലെ കടയിൽനിന്ന് രണ്ട്‌ ചെമ്പും കുഴിമന്തി വിതരണം ചെയ്യുമെന്ന് യാദിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരുന്നു. രാവിലെ പത്തിനും പതിനൊന്നിനുമിടയിൽ പ്രതികരിക്കുന്നവർക്കായിരുന്നു സമ്മാനം.

രണ്ടായിരത്തോളംപേരാണ് ഒരുമണിക്കൂറിനുള്ളിൽ പ്രതികരിച്ചത്. ഇവരിൽനിന്ന്‌ തിരഞ്ഞെടുത്തവർക്കാണ് കുഴിമന്തി നൽകിയത്.