തൃശ്ശൂർ : ഇറച്ചി അരയ്ക്കുന്ന യന്ത്രത്തിൽ കുടുങ്ങിയ ഇരുപതുകാരന്റെ വിരലുകൾ വേർപെടുത്താനായത്, യന്ത്രത്തോടൊപ്പം തൃശ്ശൂർ അഗ്നിരക്ഷാനിലയത്തിൽ എത്തിച്ചശേഷം. എം.ജി. റോഡിലെ ഒരു സ്നാക്സ് കടയിൽ വെള്ളിയാഴ്ച വൈകീട്ട് നാലിനാണ്‌ സംഭവം.

കട്‌ലറ്റ്, ഷവർമ എന്നിവയ്ക്കുള്ള ഇറച്ചി അരയ്ക്കുന്നതിനിടെയാണ് തൊഴിലാളിയായ ബിഹാർ കൃഷ്ണഗിരി സ്വദേശി മുഹമ്മദ് മുഷറഫി (20)ന്റെ ഇടതുകൈയിലെ നാല്‌ വിരലുകൾ കുടുങ്ങിയത്. അരയ്ക്കാനിട്ട ഇറച്ചി ഇളക്കുന്നതിനിടെയാണ് തള്ളവിരൽ ഒഴികേയുള്ളവ യന്ത്രത്തിൽ കുടുങ്ങിയത്. ഉടൻ യന്ത്രം ഓഫ് ചെയ്തെങ്കിലും കൈ പുറത്തെടുക്കാനാവാത്തവിധം ചതഞ്ഞ് കുരുങ്ങിപ്പോയിരുന്നു.

അഗ്നിരക്ഷാസേന ഉടൻ എത്തി, കാസ്റ്റ് അയൺ കൊണ്ടുള്ള യന്ത്രത്തിന്റെ താഴെ ഭാഗത്ത്‌ മുറിച്ചെടുത്ത് അഗ്നിരക്ഷാസേനാ ഓഫീസിലേക്ക്‌ കൊണ്ടുപോയി.

മുക്കാൽ മണിക്കൂർ പ്രയത്നിച്ചശേഷമാണ് യന്ത്രത്തിൽനിന്ന് വിരലുകൾ വേർപെടുത്താനായത്. അഗ്നിരക്ഷാനിലയത്തിൽ എത്തിക്കും മുമ്പ് മുഹമ്മദിനെ ജനറൽ ആശുപത്രിയിലെത്തിച്ച് വേദന ശമിപ്പിക്കാനുള്ള കുത്തിവെപ്പ്‌ എടുത്തു.

നാല്‌ വിരലുകളും മധ്യഭാഗത്തുവച്ച് അറ്റുതൂങ്ങിയ നിലയിലായിരുന്നു. യുവാവിനെ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അസി. സ്റ്റേഷൻ ഓഫീസർ ബൽറാം ബാബു, സീനിയർ ഫയർ ഓഫീസർമാരായ ജോജി വർഗീസ്, രാജൻ, ഫയർ ഓഫീസർമാരായ സ്മിനേഷ്, സഞ്ജിത്, മധുപ്രസാദ്, ഫൈസൽ, ദിനേശ്, ഷോബിൻദാസ്, ജിൻസ്, മണികണ്ഠൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.