ഗുരുവായൂർ: ക്ഷേത്രനഗരിയിലെ ഏറ്റവും വലിയ ഗതാഗതപ്രശ്‌നമായ മമ്മിയൂർ സെന്ററിലെ കുരുക്കുതീർക്കാൻ അടിയന്തര നടപടി. വ്യാഴാഴ്ച നഗരസഭാ ചെയർപേഴ്‌സൺ വി.എസ്. രേവതിയുടെ അധ്യക്ഷതയിൽ ചേർന്ന ട്രാഫിക്ക് റെഗുലേറ്ററിയോഗം ഗതാഗതപദ്ധതികൾ തയ്യാറാക്കാൻ പോലീസിനെ ഏൽപ്പിച്ചു. ഈയാഴ്ചതന്നെ പദ്ധതി തയ്യാറാക്കി നഗരസഭയെ ഏൽപ്പിക്കാമെന്ന് ഗുരുവായൂർ സി.ഐ. പ്രേമാനന്ദകൃഷ്ണൻ അറിയിച്ചു. പോലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗുരുവായൂർ എം.എൽ.എ.യെക്കൂടി ഉൾപ്പെടുത്തി വിപുലമായയോഗം വിളിക്കാൻ തീരുമാനിച്ചു. അതിനുശേഷം മമ്മിയൂരിൽ ഗതാഗതപദ്ധതി നടപ്പാക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത സബ് കളക്ടർ അഫ്‌സാന പർവേസ് അറിയിച്ചു. മമ്മിയൂരിലെ കുരുക്കിന്റെ പ്രധാന പ്രശ്‌നം ഈ വഴി വലിയവാഹനങ്ങൾ കടന്നുപോകുന്നതാണ്. അതുകൊണ്ട് പടിഞ്ഞാറേനട- മമ്മിയൂർ ജങ്ഷൻ റോഡിലൂടെ വലിയ വാഹനങ്ങൾ പോകുന്നത് ഒഴിവാക്കണമെന്നാണ് പോലീസിന്റെ നിർദ്ദേശം. ഈ റോഡിലൂടെ വലിയ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പോകാൻ പാടില്ല. അവ മുതുവട്ടൂർവഴി കടന്നുപോകട്ടെയെന്നാണ് പോലീസിന്റെ അഭിപ്രായം. ടൂറിസ്റ്റ് ബസുകളും ലോറികളുമാണ് ഈ റോഡിലൂടെ നിയന്ത്രിക്കപ്പെടുക.

റൂട്ട് ബസുകൾക്ക് വൺവേ ഏർപ്പെടുത്തണമോ എന്നത് പോലീസ് തീരുമാനിക്കും. പടിഞ്ഞാറേനട- മമ്മിയൂർ റോഡിന്റെ വീതിക്കുറവും റോഡിലെ കൈയേറ്റങ്ങളുമാണ് കുരുക്കിന്റെ മറ്റൊരു പ്രശ്‌നമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. ശ്രീകൃഷ്ണ സ്‌കൂൾ ഓട്ടോ പാർക്ക് ജങ്ഷനിൽ മമ്മിയൂർ ക്ഷേത്രത്തിനു തെക്കുവശത്തുള്ള റോഡു തുടങ്ങുന്നിടത്ത് വൈദ്യുതി-ടെലിഫോൺ കാലുകൾ ഗതാഗതത്തിന് തടസ്സമായിനിൽക്കുന്നുണ്ട്. അവ അടിയന്തരമായി മാറ്റും. കൈരളി ജങ്ഷൻ ഭാഗത്തുനിന്ന് മമ്മിയൂർ ജങ്ഷനിലേക്കുള്ള ചെറിയ വാഹനങ്ങൾ ഈ ഇടറോഡിലൂടെ കടത്തിവിടും.

മമ്മിയൂരിലെ ഗതാഗതം സുഗമമാക്കാൻ എല്ലാ ഇടറോഡുകളും ഉപയോഗിക്കാമെന്നും രണ്ടുമാസത്തിനുള്ളിൽ ഇടറോഡുകളെല്ലാം കൂടുതൽ നവീകരിക്കുമെന്നും വൈസ് ചെയർമാൻ കെ.പി. വിനോദ് അറിയിച്ചു. മമ്മിയൂർ ജങ്ഷനിൽ ട്രാഫിക്ക് സിഗ്നൽ ആലോചിക്കുന്നുണ്ട്. ഗുരുവായൂർ, ചാവക്കാട്, കുന്നംകുളം, ആൽത്തറ റോഡുകൾ സംഗമിക്കുന്ന സെന്റർ ഇടുങ്ങിയതുകാരണം സിഗ്നൽ എത്രത്തോളം പ്രായോഗികമാകുമെന്ന് പഠിക്കേണ്ടതുണ്ടെന്ന് സി.ഐ.പറഞ്ഞു. അതിനായി കെൽട്രോണിലെ സാങ്കേതികവിദഗ്ദ്ധരെ കൊണ്ടുവന്ന് സ്ഥലം കാണിക്കാൻ തീരുമാനിച്ചു. സാധ്യത ഉറപ്പാക്കിയശേഷമേ സിഗ്നൽ സംവിധാനം നടപ്പാക്കൂ.