ഗുരുവായൂർ: ചിങ്ങമാസം അവസാനിക്കാറായതോടെ ഗുരുവായൂർ ക്ഷേത്രത്തിലെ കല്യാണത്തിരക്കും തീർന്നു. ഞായറാഴ്ച ഗുരുവായൂരിൽ നടന്നത് 203 കല്യാണങ്ങളായിരുന്നു.

പതിവുപോലെ ഞായറാഴ്ചയും തിരക്ക് നിയന്ത്രണാതീതമായിരുന്നു. രാവിലെ ഒമ്പതു മുതൽ 11 വരെയായിരുന്നു കൂടുതൽ തിരക്ക്. ഓണാവധി അവസാനിക്കുന്ന ദിനം കൂടിയായതിനാൽ ദർശനത്തിനും നല്ല തിരക്കുണ്ടായി. ഇതോടെ ക്ഷേത്രനട തിങ്ങിനിറഞ്ഞു.

തിരക്ക് നിയന്ത്രിക്കാനുള്ള പോലീസിന്റെ എണ്ണം കുറവായിരുന്നു. കല്യാണമണ്ഡപങ്ങൾക്കരികിൽ ദേവസ്വത്തിന്റെ സെക്യൂരിറ്റിക്കാരും പേരിനു മാത്രമേ ഉണ്ടായിരുന്നുള്ളൂ. കല്യാണക്കാരുടെയും ദർശനത്തിനു വന്നവരുടെയും വാഹനങ്ങൾ നഗരം കൈയടക്കി. മണിക്കൂറോളം അതിന്റെ കുരുക്ക് അഴിഞ്ഞില്ല.

ഗുരുവായൂരിലെ രണ്ടു പ്രധാനപ്പെട്ട പാർക്കിങ് കേന്ദ്രങ്ങളിൽ പണി നടക്കുന്നതിനാൽ വാഹനങ്ങളിൽ ഭൂരിഭാഗവും റോഡരികിൽ കിടന്നു. അടുത്ത ചിങ്ങമാസം എത്തുമ്പോഴേയ്ക്കും ക്ഷേത്രനഗരിയിൽ രണ്ടു മൾട്ടിലെവൽ പാർക്കിങ് സമുച്ചയങ്ങൾ തുറന്നുകൊടുക്കും. അതോടെ വാഹന പാർക്കിങ് പ്രതിസന്ധിയ്ക്ക് പരിഹാരമായേക്കും.