ഗുരുവായൂർ പദ്മനാഭൻ
ഗുരുവായൂർ പദ്മനാഭൻ

ഗുരുവായൂർ : ഗുരുവായൂർ പദ്മനാഭൻ ചരിഞ്ഞിട്ട് ഒന്നര വർഷം. അഴകൊത്ത ആ കൊമ്പുകൾ ഇതുവരെയായിട്ടും വനംവകുപ്പിൽനിന്ന് തിരിച്ചുകിട്ടിയില്ല. ഗുരുവായൂർ കേശവന്റെ കൊമ്പുകൾ പോലെ പദ്മനാഭന്റെ കൊമ്പുകളും ക്ഷേത്രത്തിൽ സ്ഥാപിക്കാനുള്ള തീരുമാനം ദേവസ്വത്തിനുണ്ട്. കേശവനുശേഷം അതേ പ്രാധാന്യം ലഭിച്ച കൊമ്പനാണ് പദ്മനാഭൻ. അതുകൊണ്ടുതന്നെ പൂർണകായ ശില്പം പദ്മനാഭനും ദേവസ്വം പണിയുന്നുണ്ട്.

കൊമ്പുകൾ തിരിച്ചുതരണമെന്ന് വനംവകുപ്പിനോട് ദേവസ്വം നേരത്തെ ആവശ്യപ്പെട്ടതാണെന്ന്‌ ചെയർമാൻ കെ.ബി. മോഹൻദാസ് പറഞ്ഞു. പദ്മനാഭന്റേതുൾപ്പെടെയുള്ള കൊമ്പുകൾ ജില്ലാ ട്രഷറിയുടെ ലോക്കറിലാണുള്ളത്. കൊമ്പുകൾ തിരിച്ചുകിട്ടണമെങ്കിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ കനിയണം.

പദ്മനാഭന്റെ കൊമ്പഴക്

ആനയുടെ വെളുത്ത സ്വർണം എന്നാണ് കൊമ്പുകളെ ആനവിദഗ്‌ധർ വിശേഷിപ്പിക്കുന്നത്. ആനയുടെ ഉയരം, മസ്തകത്തിന്റെ വിരിവ്, തുമ്പിക്കൈയുടെ നീളം എന്നിവയ്ക്ക് ആനുപാതികമായ അളവുകൾ കൊമ്പുകൾക്കുണ്ടായാൽ അത് ലക്ഷണമൊത്ത ആനയായി. പദ്‌മനാഭന്റെ കാര്യത്തിൽ ഇതെല്ലാം കൃത്യമാണ്. 90 സെന്റിമീറ്ററാണ് പദ്മനാഭന്റെ കൊമ്പളവ്.