ഗുരുവായൂർ: കൃഷ്ണലീലകൾ പാടിപ്പുകഴ്ത്തുന്ന ഭാഗവതസപ്താഹ വേദിയിൽനിന്ന് കണ്ണന്റെ ശ്രീലകത്ത് എത്തുകയാണ് കലിയത്ത് പരമേശ്വരൻ നമ്പൂതിരി.

ഗുരുവായൂർ നിയുക്ത മേൽശാന്തി പരമേശ്വരൻ നമ്പൂതിരി കാൽനൂറ്റാണ്ടിലേറെയായി ഭാഗവതസപ്താഹ വേദികളിൽ നിറസാന്നിധ്യമാണ്. ഭാഗവതം പാരായണം ചെയ്തും പ്രഭാഷണം നടത്തിയും ആയിരങ്ങൾക്ക് ഭാഗവതമാധുര്യം പകർന്നു നൽകുന്ന പരമേശ്വരൻനമ്പൂതിരിയെ പല വേദികളും പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട്. ഭാഗവത പാരായണതിലകം, ഭാഗവത മകരന്ദം എന്നീ ബഹുമതികൾ ഇതിൽ ഉൾപ്പെടും.

നാലുതവണ ഗുരുവായൂർ മേൽശാന്തിയായിരുന്ന തിയ്യന്നൂർ കൃഷ്ണൻ നമ്പൂതിരിയിൽനിന്നാണ് പൂജാവിധികൾ അഭ്യസിച്ചത്. പെരുമ്പള്ളി കേശവൻ നമ്പൂതിരി ഭാഗവതഗുരുവും. സപ്താഹയജ്ഞങ്ങളിൽ സഹആചാര്യനായി ഒട്ടേറെക്കാലം പ്രവർത്തിച്ചിട്ടുണ്ട്. യജ്ഞാചാര്യൻ കിഴക്കേടം ഹരിനാരായണൻ നമ്പൂതിരിയുടെ കൂടെയായിരുന്നു അധികവും. കഴിഞ്ഞ മൂന്നുവർഷമായി ഗുരുവായൂർ മുൻ മേൽശാന്തി മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരിയുടെ കൂടെയാണ് സപ്താഹവായന നടത്തുന്നത്. പല്ലശ്ശന സഭാമഠം ശ്രീകൃഷ്ണക്ഷേത്രത്തിലായിരുന്നു അവസാന സപ്താഹം. 11-നാണ് സപ്താഹം കഴിഞ്ഞത്. വരുംദിവസങ്ങളിലെ സപ്താഹങ്ങളിൽ പരമേശ്വരൻ നമ്പൂതിരിക്ക് പങ്കെടുക്കാൻ കഴിയില്ല. 18-ന് അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിൽ ഭജനമിരിക്കാൻ തുടങ്ങും. 30-ന് രാത്രി മേൽശാന്തി ചുമതലയേൽക്കും.

വെള്ളിയാഴ്ച മേൽശാന്തിയായി നറുക്കു വീണയുടനെ നമസ്കാരമണ്ഡപത്തിൽക്കയറി ഗുരുവായൂരപ്പനെ നമസ്കരിച്ചു. തന്ത്രിമഠത്തിലെത്തി തന്ത്രിമാരായ ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്, ഹരിനമ്പൂതിരിപ്പാട്, ശ്രീകാന്ത് നമ്പൂതിരിപ്പാട് എന്നിവരുടെ അനുഗ്രഹം വാങ്ങി.

മേൽശാന്തിസ്ഥാനത്തേക്ക് 47 അപേക്ഷകരുണ്ടായിരുന്നു. 41 പേരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. 40 പേർ ഹാജരായി. വലിയ തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടുമായി നടന്ന കൂടിക്കാഴ്ചയിൽ 39 പേർ യോഗ്യത നേടി. ഉച്ചപ്പൂജ കഴിഞ്ഞ് നടതുറന്ന നേരം ശ്രീലകമുന്നിലെ നമസ്കാരമണ്ഡപത്തിൽ മേൽശാന്തി മുന്നൂലം ഭവൻ നമ്പൂതിരി നറുക്കെടുത്തു. തന്ത്രി ഹരിനമ്പൂതിരിപ്പാട്, ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് എന്നിവരും ഭരണസമിതിയംഗങ്ങളും ഒട്ടേറെ ഭക്തരും സന്നിഹിതരായിരുന്നു.