ഗുരുവായൂർ: എഴുന്നള്ളിപ്പുകളിൽനിന്ന് ഗുരുവായൂർ പദ്മനാഭനും വലിയ കേശവനും വിലക്കേർപ്പെടുത്തിയതിന്റെ പ്രതിഷേധം അടങ്ങുന്നില്ല. എന്തുകൊണ്ടാണ് പദ്മനാഭന്റെയും വലിയ കേശവന്റെയും കാര്യത്തിൽ ആനപ്രേമികൾ ഇത്രമാത്രം വികാരഭരിതമായത്? രണ്ടും പൂരപ്പറമ്പുകളെ ഇളക്കിമറിക്കുന്ന ഗജതാരങ്ങൾ ആയതുകൊണ്ടുമാത്രം.
പദ്മനാഭന് പാദരോഗവും വലിയ കേശവന് ക്ഷയരോഗവുമുണ്ടെന്നാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് രണ്ടാനകളെയും പുറത്തേക്കുവിടരുതെന്ന് ഉത്തരവിറക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന കുന്നംകുളം, കിഴൂർ പൂരത്തോടെ ജില്ലയിലെ പൂരക്കാലത്തിന് കൊടിയേറിയിരിക്കുകയാണ്. പദ്മനാഭനെയും വലിയ കേശവനെയും ഉത്സവപ്പറമ്പുകളിൽനിന്ന് മാറ്റിനിർത്താനുള്ള ഗൂഢനീക്കമാണ് വനംവകുപ്പിന്റെ നടപടികൾക്കു പിന്നിലെന്ന് ആരോപിച്ച് ആനപ്രേമികളും ഉത്സവക്കമ്മിറ്റിക്കാരും ചേർന്ന് സമരമാർഗങ്ങൾക്ക് തുടക്കമിട്ടുകഴിഞ്ഞു.
പദ്മനാഭനെ അറിയാം
: ലക്ഷണമൊത്ത ഒരാന എങ്ങനെ ആയിരിക്കണമെന്നതിന്റെ ഉത്തരമാണ് ഗജരത്നം ഗുരുവായൂർ പദ്മനാഭൻ. ഉയർന്ന മസ്തകം, ആകാരവടിവ്, മണ്ണിൽ ഇഴയുന്ന നീളൻ തുമ്പി, നീണ്ടുനിവർന്ന തൂവെള്ളക്കൊമ്പുകൾ, പ്രൗഢിയുള്ള നടത്തം- അങ്ങനെയുള്ള ആനച്ചന്തത്തിന്റെ പേരാണ് പദ്മനാഭൻ. 302 സെന്റീമീറ്റർ ഉയരമാണ് പദ്മനാഭന്. വയസ്സ് 78.
വലിയ കേശവനെ അറിയാം
: ഗജരാജൻ ഗുരുവായൂർ കേശവന്റെയും ഗജരത്‌നം ഗുരുവായൂർ പദ്മനാഭന്റെയും പ്രൗഢിയും അന്തസ്സും കാത്തുസൂക്ഷിക്കുന്ന പിന്മുറക്കാരനാണ് വലിയ കേശവൻ. അതുകൊണ്ടുതന്നെ വലിയ പൂരങ്ങളിലൊക്കെ വലിയ സ്ഥാനമാണ് കേശവന്. നല്ല അഴകും ആരോഗ്യവും ഔന്നത്യവും ഒത്തുചേരുന്നുവെന്നതാണ് കേശവന്റെ ഏറ്റവും വലിയ പ്രത്യേകത. ഇളംമഞ്ഞ കണ്ണുകൾ, നല്ല നടയമരങ്ങൾ, കടഞ്ഞെടുത്തതുപോലുള്ള കൊമ്പുകൾ, നീളമുള്ള തുമ്പി. 305 സെന്റീമീറ്റർ ഉയരമുണ്ട് വലിയ കേശവന്. വയസ്സ് 49.
ഏക്കത്തിൽ റെക്കോഡിട്ടവർ
: പദ്മനാഭനും വലിയ കേശവനും ഏക്കത്തിൽ (എഴുന്നള്ളിപ്പുതുക) റെക്കോഡിട്ടവരാണ്. 2014-ൽ 2,22,222 രൂപയ്ക്ക് പദ്മനാഭനെ ഏക്കത്തിനെടുത്തിട്ടുണ്ട്. നെന്മാറ-വല്ലങ്ങി പൂരത്തിനായിരുന്നു അത്. 2017-ൽ 2,26,001 രൂപയ്ക്ക് വലിയ കേശവന് ഏക്കമുണ്ടായിട്ടുണ്ട്. ചെമ്പുച്ചിറ ക്ഷേത്രത്തിലെ പൂരത്തിന് കിഴക്കുമുറി സമുദായക്കാരാണ് ഇത്രയും വലിയ തുകയ്ക്ക് കേശവനെ കൊണ്ടുപോയത്.
ഒരേദിവസം പല ഉത്സവക്കമ്മിറ്റിക്കാർ ആനകളെ ആവശ്യപ്പെടുമ്പോൾ മത്സരലേലത്തിലൂടെയാണ് വലിയ തുക വെയ്ക്കുന്നത്. കേരളത്തിൽ ഇത്രയും വലിയ ഏക്കം പദ്മനാഭനും വലിയ കേശവനും മാത്രം സ്വന്തം. 1954-ൽ ഒറ്റപ്പാലത്തെ ഇ.പി. ബ്രദേഴ്‌സ് ആണ് പദ്മനാഭനെ നടയിരുത്തിയത്.
2000-ൽ ഗുരുവായൂർ നാകേരി വാസുദേവൻ നമ്പൂതിരിയാണ് വലിയ കേശവനെ നടയിരുത്തിയത്.
പാദരോഗം അപൂർവമല്ല
: പദ്മനാഭന് പാദരോഗമുണ്ടെന്ന കാരണം പറഞ്ഞാണ് വനംവകുപ്പിന്റെ വിലക്ക്. കാലിൽ വിയർപ്പുഗ്രന്ഥികൾക്ക് തടസ്സമുണ്ടാകുമ്പോഴോ അഴുക്കുള്ള സ്ഥലങ്ങളിൽ കൂടുതൽ സമയം നിന്നോ പാദരോഗമുണ്ടാകാം. ഒക്ടോബർ മാസത്തിലാണ് പദ്മനാഭന് പാദരോഗമുണ്ടായിരുന്നത്. അത് ചികിത്സിച്ച് സുഖപ്പെടുത്തുകയും ചെയ്തിരുന്നു.
പാദരോഗം സർവസാധാരണമാണെന്നാണ് പറയുന്നത്. പാദരോഗമുണ്ടെന്ന കാരണം പറഞ്ഞ് വിലക്കേർപ്പെടുത്താൻ തുടങ്ങിയാൽ എത്ര ആനകൾ പൂരപ്പറമ്പുകളിൽ ഉണ്ടാകുമെന്ന് ആനവിദഗ്‌ധർ ചോദിക്കുന്നു.