ഗുരുവായൂര്‍: അഷ്ടമംഗലപ്രശ്‌നത്തില്‍ നിര്‍ദ്ദേശിച്ച പരിഹാരക്രിയകളുടെ ഭാഗമായി വ്യാഴാഴ്ച മൂന്നു സ്വാമിയാര്‍മാര്‍ക്ക് ഭിക്ഷയും വെച്ചുനമസ്‌കാരവും നടത്തും.

തൃക്കൈക്കാട്ട് മഠം മൂപ്പില്‍ സ്വാമിയാര്‍ വാസുദേവ ബ്രഹ്മാനന്ദതീർഥ, തെക്കേമഠം മൂപ്പില്‍ സ്വാമിയാര്‍ വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി, മുഞ്ചിറ മഠം സ്വാമിയാര്‍ പരമേശ്വരബ്രഹ്മാനന്ദതീർഥ എന്നിവരെയാണ് ഭിക്ഷനല്‍കി വെച്ചുനമസ്‌കരിയ്ക്കുക.

മൂന്നു സ്വാമിയാര്‍മാരെയും രാവിലെ ശിവേലിയ്ക്കുമുമ്പ്‌ കിഴക്കേ ഗോപുരമുന്നില്‍നിന്ന് ആചാരപ്രകാരം നാലമ്പലത്തിനകത്തേക്ക് സ്വീകരിച്ച് ആനയിക്കും. ഗുരുവായൂരപ്പന്റെ പന്തീരടിപൂജ കഴിഞ്ഞ് നടതുറന്നശേഷം സ്വാമിയാര്‍മാര്‍ക്ക് ഭിക്ഷയും വെച്ചുനമസ്‌കാരവും നടത്തും. തന്ത്രിയും ഊരാളനും ചടങ്ങു നിര്‍വഹിയ്ക്കും. തെക്കേ വാതില്‍മാടത്തില്‍ ചടങ്ങ് നടക്കുന്ന നേരം കീഴ്ശാന്തിക്കാര്‍ സഹസ്രനാമം ചൊല്ലും. നാലമ്പലത്തിലെ ചടങ്ങിനുശേഷം കൂത്തമ്പലത്തില്‍ ഭക്തര്‍ക്ക് പണംവെച്ചുനമസ്‌കരിയ്ക്കാനുള്ള സൗകര്യമുണ്ടാകും.