ഗുരുവായൂര്‍: സ്ത്രീകള്‍ വസ്ത്രം മാറുന്ന മുറിയില്‍ ക്യാമറ സ്ഥാപിച്ചിട്ടില്ലെന്നും അത് കളിക്കോപ്പു മാത്രമാണെന്നുമുള്ള എല്‍.ഡി.എഫിന്റെ നിലപാട് ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്ന് യു.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടിയോഗം കുറ്റപ്പെടുത്തി. നഗരസഭയുടെ അനുമതിയില്ലാതെയാണ് ക്യാമറ സ്ഥാപിച്ചതെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുത്തിട്ടുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ നേരത്തേ അറിയിച്ചിട്ടുള്ളതാണ്.

സ്ത്രീകള്‍ രേഖാമൂലം പരാതി നല്‍കാതിരുന്നത് തൊഴില്‍ നഷ്ടപ്പെടുമെന്ന ഭയംമൂലമാണ്. ക്യാമറ സ്ഥാപിച്ചത് വസ്തുതയാണെന്നിരിക്കെ ഇതെല്ലാം യു.ഡി.എഫിന്റെയും മാധ്യമങ്ങളുടെയും കള്ളപ്രചാരണമാണെന്ന എല്‍.ഡി.എഫിന്റെ വാദം ജനം തിരിച്ചറിയും. അവരുടെ മുഖം സംരക്ഷിക്കാന്‍വേണ്ടി യു.ഡി.എഫ്.നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമം അപഹാസ്യമാണെന്നും യോഗം ആരോപിച്ചു.

പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ബാബു ആളൂര്‍ അധ്യക്ഷനായി. ആന്റോ തോമസ്, റഷീദ് കുന്നിക്കല്‍, ജോയ് ചെറിയാന്‍, ഷൈലജ ദേവന്‍, എ.ടി. ഹംസ, പി.എസ്. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടണം

ഗുരുവായൂര്‍: ക്യാമറാ വിവാദവുമായി ബന്ധപ്പെട്ട നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ബാലന്‍ വാറണാട്ട് അധ്യക്ഷനായി.

കേസ് അട്ടിമറിക്കാന്‍ ശ്രമം -ബി.ജെ.പി.

ഗുരുവായൂര്‍: ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കില്ലെന്ന് ബി.ജെ.പി. നഗരസഭാ കമ്മിറ്റി അറിയിച്ചു. നഗരസഭയില്‍ ഉപരോധമടക്കമുള്ള പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് യോഗം മുന്നറിയിപ്പു നല്‍കി. പ്രസിഡന്റ് കെ.ആര്‍. ചന്ദ്രന്‍ അധ്യക്ഷനായി. രാജന്‍ തറയില്‍, കെ.സി. വേണുഗോപാല്‍, കെ.ടി. ബാലന്‍, ശോഭാ ഹരിനാരായണന്‍, സൂരജ് കര്‍ണംകോട്, മനീഷ് കുളങ്ങര, ദീപക് തിരുവെങ്കിടം തുടങ്ങിയവര്‍ പ്രസംഗിച്ചു.