ഗുരുവായൂര്‍: പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ ഒരുവര്‍ഷം നീളുന്ന ‘ഗുരുവായൂര്‍ പെരുമ’ പ്രഭാഷണപരമ്പര ശനിയാഴ്ച ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പൈതൃകം നടത്തിവരുന്ന വൈജ്ഞാനികസദസ്സിന്റെ ഭാഗമായാണിത്. എം.ജി.എസ്. നാരായണന്‍, എ.ആര്‍. രാഘവവാര്യര്‍, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, എല്‍. ഗിരീഷ് കുമാര്‍, സി. രാധാകൃഷ്ണന്‍, ആലങ്കോട് ലീലാകൃഷ്ണന്‍ തുടങ്ങിയവരാണ് പ്രഭാഷണപരമ്പരയിലുള്ളത്. ഇതിന്റെ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് ആറിന് രുക്മിണി റീജന്‍സിയില്‍ നടക്കും. ഗുരുവായൂര്‍ മാഹാത്മ്യം എന്ന വിഷയത്തില്‍ എ.കെ.ബി. നായര്‍ പ്രഭാഷണം നടത്തും. പൈതൃകം കോ-ഓര്‍ഡിനേറ്റര്‍ രവി ചങ്കത്ത്, സെക്രട്ടറി മധു കെ. നായര്‍, കെ.കെ. ശ്രീനിവാസന്‍, അയിനിപ്പുള്ളി വിശ്വനാഥന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

കാളമന പൂരം

പാവറട്ടി: മരുതയൂർ കാളമന ക്ഷേത്രത്തിൽ മകരപ്പത്ത് ഉത്സവം ആഘോഷിച്ചു. രാവിലെ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടന്നു. ഉച്ചയ്ക്ക് പൂരം എഴുന്നള്ളിച്ചു. വൈകീട്ട് കേളി, താലം വരവ്, പുലർച്ചെ എഴുന്നള്ളിപ്പ് എന്നിവ ഉണ്ടായി.

കൃഷിവകുപ്പ് കാമ്പയിൻ

അന്തിക്കാട്: കൃഷിവകുപ്പ് അന്തിക്കാട് ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ ‘കീടനാശിനി ഉപയോഗം നിയന്ത്രിക്കുക, സുരക്ഷിതഭക്ഷണം ഉറപ്പുവരുത്തുക’ എന്ന കാമ്പയിൻ ആരംഭിച്ചു. 31-വരെ കാമ്പയിൻ ഉണ്ടാകും. പൊതുജനങ്ങൾക്കും കീടനാശിനി ഡിപ്പോ നടത്തിപ്പുകാർക്കും ബോധവത്‌കരണം നടത്തുന്നുണ്ടെന്നും കീടനാശിനി ഡിപ്പോകളിലെ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും അന്തിക്കാട് കൃഷി അസി. ഡയറക്ടർ അറിയിച്ചു.

തണ്ടാശ്ശേരി ക്ഷേത്രോത്സവം ഇന്ന്

താന്ന്യം: പൈനൂർ തണ്ടാശ്ശേരി വിഷ്ണുമായ ഭദ്രാദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും കളംപാട്ട് ഉത്സവവും 25-ന് ആഘോഷിക്കും. രാവിലെ ദേവിക്ക് രൂപക്കളം, തോറ്റംപാട്ട്, എഴുന്നള്ളിപ്പ്, ദൈവത്തിന് കളം, മുത്തപ്പന് കളം, ദീപാരാധന, വിഷ്ണുമായയ്ക്ക് രൂപക്കളം, 26-ന് കരിങ്കുട്ടിക്ക് കളം എന്നിവ നടക്കും.

നഗരസഭയില്‍ ഭിന്നശേഷിക്കാര്‍ക്കായി രണ്ടിന് കലോത്സവം

ചാവക്കാട്: നഗരസഭാ പരിധിയിലെ ഭിന്നശേഷിക്കാര്‍ക്കായി ഫെബ്രുവരി രണ്ടിന് കലോത്സവം നടത്തുന്നു. പ്രായഭേദമില്ലാതെ എല്ലാ ഭിന്നശേഷിക്കാര്‍ക്കുമായി നടത്തുന്ന കലോത്സവം രണ്ടിന് ബസ്‌സ്റ്റാന്‍ഡ് പരിസരത്തെ നഗരസഭാ ചത്വരത്തിലാണ് സംഘടിപ്പിക്കുന്നത്. കലോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ 30-ന് മുമ്പായി ഐ.സി.ഡി.എസ്. ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. സ്റ്റേജ്, സ്റ്റേജ് ഇതര വിഭാഗങ്ങളിലായി കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള അവസരമുണ്ടാവും. വ്യാഴാഴ്ച കലോത്സവ സംഘാടകസമിതി രൂപവത്കരണയോഗം നഗരസഭാ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സൺ മഞ്ജുഷ സുരേഷ് അധ്യക്ഷയായി. സുബിദ, പ്രവിത പീറ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.