ഗുരുവായൂര്‍: ക്ഷേത്രം പടിഞ്ഞാറേ ഗോപുരത്തിനു മുന്നില്‍ ഏറെ കാലം ദീപം ചൊരിഞ്ഞ ആലില വിളക്ക് തിങ്കളാഴ്ച ലേലത്തിന്. പത്തുവര്‍ഷം മുമ്പാണ് അത് മാറ്റി പുതിയ ദീപസ്തംഭം പണിതത്. 1500-ഓളം കിലോ ഭാരമുണ്ടായിരുന്ന വിളക്കിനുചുറ്റും ആലില മാതൃകയില്‍ വിടര്‍ന്നുനിന്നിരുന്ന തട്ടുകളിലാണ് തിരിയിട്ടിരുന്നത്. എല്ലാ ആലില തട്ടുകളിലേയും തിരികള്‍ പ്രകാശിക്കുന്നത് ചന്തമുള്ള കാഴ്ചയായിരുന്നു. ഒരു ഭക്തന്‍ വഴിപാടായി സമര്‍പ്പിച്ചതായിരുന്നു അത്. തിങ്കളാഴ്ച ദേവസ്വത്തിന്റെ വാര്‍ഷിക ലേലം നടക്കുകയാണ്. ഇതിനുമുമ്പു നടന്ന ലേലങ്ങളില്‍ ആലില വിളക്ക് ഉള്‍പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ പത്തിന് ലേലം ആരംഭിക്കും. ക്ഷേത്രത്തില്‍ വഴിപാട് ലഭിച്ച വിളക്കുകള്‍, പാത്രങ്ങള്‍, നാണയങ്ങള്‍, ഉപയോഗയോഗ്യമല്ലാത്ത ഇലക്‌ട്രോണിക് സാധനങ്ങള്‍ തുടങ്ങിയവ ലേലത്തിലുണ്ടാകും .ഒരാഴ്ച നീണ്ടുനില്‍ക്കും.