ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ചൊവ്വാഴ്ച ഗുരുവായൂര്‍ ബ്രാഹ്മണസമൂഹം വക വൈകുണ്ഠ ഏകാദശിവിളക്ക് ആഘോഷിച്ചു. സന്ധ്യാനേരത്തും രാത്രി വിളക്കാചാരത്തിനും ആയിരക്കണക്കിന് ദീപങ്ങള്‍ നറുനെയ്യില്‍ ജ്വലിച്ചു.

രാവിലെയും ഉച്ചതിരിഞ്ഞും കാഴ്ചശ്ശീവേലിക്ക് പഞ്ചാരിമേളം അകമ്പടിയായി. പെരുവനം കുട്ടന്‍മാരാര്‍ മേളം നയിച്ചു. സന്ധ്യയ്ക്ക് ദീപങ്ങള്‍ തെളിഞ്ഞ നേരം കേളിയും നാഗസ്വരവും തായമ്പകയും മാറ്റുകൂട്ടി. രാത്രി വിളക്കെഴുന്നള്ളിപ്പിന് പതിനായിരത്തോളം ദീപങ്ങള്‍ ജ്വലിച്ചുനില്‍ക്കെ നാലാമത്തെ പ്രദക്ഷിണത്തില്‍ അഞ്ച് ഇടയ്ക്കകളും അഞ്ച് നാഗസ്വരങ്ങളും അണിനിരന്നു. അഞ്ചാമത്തെ പ്രദക്ഷിണത്തിന് മേളം കൊട്ടിക്കയറി. ഗജരത്‌നം പദ്മനാഭന്‍ കോലമേറ്റി. ബ്രാഹ്മണസമൂഹം വക ഊട്ടില്‍ പതിനായിരത്തോളം ഭക്തര്‍ പങ്കെടുത്തു.

വൈകുണ്ഠ ഏകാദശി ബുധനാഴ്ചയാണെങ്കിലും ക്ഷേത്രത്തില്‍ കുചേലദിനാഘോഷം നടക്കുന്നതിനാല്‍ ബ്രാഹ്മണസമൂഹത്തിന്റെ ഏകാദശിയാഘോഷം ചൊവ്വാഴ്ച നടത്തുകയായിരുന്നു.

ബുധനാഴ്ച വൈകീട്ട് തെക്കേ സമൂഹത്തില്‍നിന്ന്‌ സിംഹനാദ ഭഗവതിയെ രഥത്തില്‍ എഴുന്നള്ളിക്കുന്നതോടെ ആഘോഷം സമാപിക്കും.