ഗുരുവായൂര്‍: ധനുമാസത്തിലെ ആദ്യ ബുധനാഴ്‌ചയായ കുചേലദിനത്തില്‍ ഗുരുവായൂരപ്പന് ആയിരങ്ങളുടെ അവില്‍നിവേദ്യം നടക്കും. പ്രധാന വഴിപാടായ അവില്‍ ശീട്ടാക്കാന്‍ ചൊവ്വാഴ്ച വൈകീട്ട് ഭക്തരുടെ നീണ്ടനിരയായിരുന്നു. ഇതിനു പുറമേ ബുധനാഴ്ച അവിലുമായി ആയിരങ്ങള്‍ സന്നിധിയില്‍ എത്തും.

നാളികേരം, ശര്‍ക്കര, നെയ്യ്, ചുക്ക്, ജീരകം എന്നിവയില്‍ കുഴച്ച അവില്‍ 5,00400 രൂപയ്ക്കാണ് തയ്യാറാക്കുന്നത്. മൂവായിരത്തിലേറെ നാളികേരം ചിരകിയെടുത്ത് കീഴ്ശാന്തിക്കാര്‍ പുലര്‍ച്ചെ മുതല്‍ അവില്‍നിവേദ്യം തയ്യാറാക്കും. കുഴച്ച അവില്‍ രാവിലെ പന്തീരടിപൂജയ്ക്കും രാത്രി അത്താഴപ്പൂജയ്ക്കും നിവേദിക്കും. ഭക്തര്‍ കൊണ്ടുവരുന്ന അവില്‍ ഉച്ചപ്പൂജ ഉള്‍പ്പെടെ മൂന്നുനേരം നിവേദിച്ച് തിരിച്ചുനല്‍കും. നാഗസ്വരം, കേളി, പഞ്ചവാദ്യം, നിറമാല, ചുറ്റുവിളക്ക് എന്നിവയോടെ കുചേലദിനം ആഘോഷിക്കും.