ഗുരുവായൂര്‍: ക്ഷേത്രത്തില്‍ വെള്ളിയാഴ്‌ച തപാല്‍ജീവനക്കാരുടെ വകയാണ് ഏകാദശിവിളക്ക്. ശനിയാഴ്‌ച ചാവക്കാട് മുന്‍സിഫ് കോടതിയുടെ സമ്പൂര്‍ണ നെയ്‌വിളക്ക് ആഘോഷിക്കും.

വെള്ളിയാഴ്‌ച പോസ്റ്റല്‍ വിളക്കിന് രാവിലെ ഏഴിന് കാഴ്‌ചശ്ശീവേലിക്ക് പഞ്ചാരിമേളം അകമ്പടിയാകും. പെരുവനം കുട്ടന്‍മാരാര്‍ പ്രാമാണികത്വം വഹിക്കും. ഉച്ചതിരിഞ്ഞ് മൂന്നിന് കാഴ്‌ചശ്ശീവേലിക്ക് പഞ്ചവാദ്യം മുന്നില്‍ നീങ്ങും. പരക്കാട് തങ്കപ്പന്‍മാരാര്‍ വാദ്യം നയിക്കും. സന്ധ്യയ്ക്ക് നിറമാല, ദീപാലങ്കാരം, നാഗസ്വരം, കേളി, തായമ്പക എന്നിവയുണ്ടാകും. രാത്രി വിളക്കെഴുന്നള്ളിപ്പിനും പഞ്ചവാദ്യമുണ്ട്. ഓഡിറ്റോറിയത്തില്‍ രാവിലെ എട്ടുമുതല്‍ രാത്രി ഒമ്പതുവരെ തപാല്‍ ജീവനക്കാരുടെ കലാപരിപാടികള്‍ അരങ്ങേറും.

ശനിയാഴ്‌ച കോടതിവിളക്കിന് ന്യായാധിപന്മാരും അഭിഭാഷകരും കോടതികളുമായി ബന്ധപ്പെട്ടവരും വിളക്ക് തൊഴാനെത്തും. ക്ഷേത്രത്തില്‍ രാവിലെയും ഉച്ചതിരിഞ്ഞും മേളത്തോടെ കാഴ്‌ചശ്ശീവേലി നടക്കും. പെരുവനം കുട്ടന്‍മാരാര്‍ മേളം നയിക്കും. സന്ധ്യയ്ക്ക് കക്കാട് രാജപ്പന്റെയും പുതുക്കോട് ഉണ്ണികൃഷ്ണന്റെയും തായമ്പകയുണ്ടാകും. രാത്രി വിളക്കെഴുന്നള്ളിപ്പിന് ഇടയ്ക്കപ്രദക്ഷിണം വിശേഷമാകും.

സബ്ജഡ്‌ജ്‌ കെ.എന്‍. ഹരികുമാര്‍, മുന്‍സിഫ് പി.എം. സുരേഷ്, മജിസ്‌ട്രേറ്റ്‌ കെ.ബി. വീണ, അഭിഭാഷകരായ എ. വേലായുധന്‍, ആര്‍. മുരളി, കെ.ഡി. വിനോജ് എന്നിവരുടെ നേതൃത്വത്തിലാണ് വിളക്കാഘോഷം.

വ്യാഴാഴ്‌ച ദേവസ്വം ഭരണസമിതിയും സ്റ്റാഫ് വെല്‍ഫെയര്‍ കമ്മിറ്റിയും ചേര്‍ന്ന് ആചാരനിറവില്‍ ഏകാദശി ചുറ്റുവിളക്ക് നടത്തി.