ഗുരുവായൂര്‍: പ്രളയബാധിതര്‍ക്ക് സാന്ത്വനമേകാന്‍ ഗുരുവായൂരില്‍ പാട്ടുകാര്‍ ഒന്നിച്ചിരുന്ന് ഗാനാര്‍ച്ചന നടത്തി. ഗുരുവായൂര്‍ ഹരിശ്രീ കലാക്ഷേത്രം എന്ന സംഗീതവിദ്യാലയമാണ് ഇതിന് മുന്നിട്ടിറങ്ങിയത്. നഗരസഭാ ഇ.എം.എസ്. സ്‌ക്വയറില്‍ നടന്ന സാന്ത്വനസംഗീതം നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.പി. വിനോദ് ഉദ്ഘാടനം ചെയ്തു. നടന്‍ ശിവജി ഗുരുവായൂര്‍ അധ്യക്ഷനായി. ഗുരുവായൂര്‍ എ.സി.പി. പി.എ. ശിവദാസ് മുഖ്യാതിഥിയായി. നാലുമണിക്കൂര്‍ നീണ്ട സംഗീതപരിപാടിയില്‍ 15 ഗായകര്‍ പങ്കെടുത്തു. സംഗീതപരിപാടിയില്‍ പിരിഞ്ഞുകിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും.

വി.എസ്. സെബിയെ ആദരിച്ചു

പാവറട്ടി: സംസ്ഥാനത്തെ മികച്ച അധ്യാപകനുള്ള അവാർഡ് നേടിയ സെന്റ്‌ ജോസഫ്സ് ഹൈസ്കൂളിലെ പ്രധാനാധ്യാപകൻ വി.എസ്. സെബിയെ പാവറട്ടി സഹ. ബാങ്ക് ആദരിച്ചു. ബാങ്ക് പ്രസിഡൻറ്‌ സി.എം. സെബാസ്റ്റ്യൻ ഉപഹാരസമർപ്പണം നടത്തി. സ്കൂൾ മാനേജർ ഫാ. ജോസ് ചിറ്റിലപ്പിള്ളി, പി.കെ. ജോൺസൺ, യോഗേഷ് കുമാർ, കമാലുദ്ദീൻ തോപ്പിൽ, ജോബി ഡേവിഡ് തുടങ്ങിയവർ പങ്കെടുത്തു.