തൃശ്ശൂർ: അരലക്ഷം കുട്ടികളെ പങ്കെടുപ്പിച്ച് 'അതിരുകളില്ലാത്ത സൗഹൃദം, മതിലുകളില്ലാത്ത മനസ്സ്' എന്ന സന്ദേശത്തോടെ വെള്ളിയാഴ്ച ജില്ലയിൽ ശ്രീകൃഷ്ണജയന്തി ആഘോഷം സംഘടിപ്പിക്കുമെന്ന് ബാലഗോകുലം ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

തൃശ്ശൂർ നഗരത്തിലെ ശോഭയാത്ര തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പ്രൊഫ. പി. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ബാലഗോകുലം മുൻ സംസ്ഥാന പ്രസിഡന്റ് കെ.പി. ബാബുരാജൻ സന്ദേശം നൽകും.

1500-ലധികം ശോഭയാത്രകളും 150-ൽപ്പരം ഗോപൂജയും ഗോപാലകരെ ആദരിക്കുന്ന ചടങ്ങും ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടക്കും. കുട്ടികൾക്കായി ഗീതചൊല്ലൽ, ചിത്രരചന തുടങ്ങിയ മത്സരങ്ങളും 250-ഓളം ഉറിയടികളും നടത്തും.

നഗരത്തിലെ വിവിധസ്ഥലങ്ങളിൽനിന്നെത്തുന്ന നിശ്ചലദൃശ്യങ്ങളും ഭജനസംഘങ്ങളും അടങ്ങുന്ന ശോഭയാത്രകൾ വൈകീട്ട് 4.30-ന് പാറമേക്കാവ് ക്ഷേത്രപരിസരത്ത് ഒത്തുചേർന്ന് പിന്നീട് വടക്കുന്നാഥ ക്ഷേത്രമൈതാനത്തിൽ സമാപിക്കും.

ബാലഗോകുലം സംസ്ഥാന നിർവാഹകസമിതിയംഗം കെ.എസ്. നാരായണൻ, വി.എൻ. ഹരി, പി.യു. ഗോപി, രവി തിരുവമ്പാടി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.