ഇരിങ്ങാലക്കുട: ദേശീയപാതയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മൂന്ന് കിലോ കഞ്ചാവ് ഇരിങ്ങാലക്കുട എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ പുതുക്കാട് നെല്ലായി നന്തിക്കര കടവിലായിരുന്നു സംഭവം.
ബാഗിൽ കടത്തിക്കൊണ്ടുവരികയായിരുന്ന കഞ്ചാവ് പരിശോധന പേടിച്ച് റോഡിലേക്ക് വലിച്ചെറിഞ്ഞ് കടന്നുകളയുകയായിരുന്നെന്നാണ് കരുതുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ കെ.കെ. ഷിജിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ബാഗും ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ ഹെൽമെറ്റും കസ്റ്റഡിയിലെടുത്തു.
സമീപത്തെ സി.സി.ടി.വി. ക്യാമറകളും ടോൾപ്ലാസയിലെ ക്യാമറകളും പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്സൈസ്. ഓപ്പൺ മാർക്കറ്റിൽ മൂന്നുലക്ഷം രൂപ വിലവരുന്നതാണ് കഞ്ചാവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. അസി. എക്സൈസ് ഇൻസ്പെക്ടർ അനിൽകുമാർ, ഉദ്യോഗസ്ഥരായ അനുകുമാർ, ജീവേഷ്, ബിന്ദുരാജ്, ഡ്രൈവർ ഷൈജു എന്നിവരും ഉണ്ടായിരുന്നു.