തൃശ്ശൂർ: പരിപാടിക്കായി ഒരുക്കിയ മേശക്കുമുകളിൽ അലങ്കരിച്ച കന്നാസുകളിൽ സമ്മാനമായി നൽകാനുള്ള പെട്രോളും ഡീസലും. തൊട്ടടുത്ത് ടയറുകളും ഇതുരുട്ടാനുള്ള കോലുകളും.

പഞ്ചായത്ത് മെമ്പർമാർ ഉൾപ്പെടെയുള്ളവർ കോലെടുത്ത് ടയർ ഉരുട്ടാൻ തുടങ്ങിയതോടെ പ്രതിഷേധം ആരവങ്ങൾക്കു വഴിമാറി.

ഇന്ധനവിലവർധനയ്ക്കെതിരേ സി.പി.എം. കോലഴി ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച ടയർ ഉരുട്ടൽ മത്സരമായിരുന്നു വേദി. റോഡിൽ നിർമിച്ച ട്രാക്കിൽ ആദ്യം ഇറങ്ങിയത് വനിതാസംഘം. കോലഴി പഞ്ചായത്ത് അംഗങ്ങളായ സുനിതാ വിശ്വഭാരത്, ലക്ഷ്മി വിശ്വംഭരൻ എന്നിവരുൾപ്പെടെയാണ് രംഗത്തിറങ്ങിയത്.

ട്രാക്കിൽ എത്തിയതോടെ ആരവങ്ങൾ ഉയർന്നു. വിസിൽവീണതോടെ കോലുകൊണ്ട് തട്ടി ചക്രം ഉരുട്ടിത്തുടങ്ങി.

ആദ്യമത്സരത്തിൽ പഞ്ചായത്ത് അംഗം സുനിതാ വിജയഭാരത് വിജയിയായി.

പിന്നീടങ്ങോട്ട് വിവിധ സംഘങ്ങൾ ചക്രവും കോലുമായി രംഗത്തിറങ്ങി. കുട്ടികൾ, യുവാക്കൾ ചുമട്ടുതൊഴിലാളികൾ ഓരോന്നിനും ആരവങ്ങൾ കൂടുകയും ചെയ്തു.

പുരുഷൻമാരിൽ കെ.ടി. ശ്രീജിത്തും കുട്ടികളിൽ ജറിലും ഒന്നാമതെത്തി.

ഏഴു സംഘങ്ങളാണ് ഈ പ്രതിഷേധമത്സരത്തിൽ പങ്കെടുത്തത്. ഒന്നരലിറ്റർ പെട്രോളും ഒരു ലിറ്റർ ഡീസലുമായിരുന്നു ഒന്നാം സമ്മാനം. ഒരു ലിറ്റർ പെട്രോളും അരലിറ്റർ ഡീസലും രണ്ടാംസമ്മാനമായി നൽകി. 100 മീറ്റർ നീളത്തിലായിരുന്നു ട്രാക്ക്.

പരിപാടിയുടെ ഉദ്ഘാടനം സി.പി.എം. പുഴയ്ക്കൽ ഏരിയ കമ്മിറ്റി അംഗം എം.ആർ. കൃഷ്ണൻകുട്ടി നിർവഹിച്ചു. കോലഴി ലോക്കൽ സെക്രട്ടറി കെ. സൂരജ് സമ്മാനദാനം നടത്തി. ബ്രാഞ്ച് സെക്രട്ടറി കെ.എം. നാരായണൻ അധ്യക്ഷനായി.

പഞ്ചായത്ത് അംഗം എം.ടി. സെബാസ്റ്റ്യൻ, കെ.എൻ. മാധവൻ, മോഹൻദാസ് എന്നിവർ പങ്കെടുത്തു.