ചാലക്കുടി : ചാലക്കുടിപ്പുഴയിൽ ഒരേ സമയം എട്ടു ചൂണ്ടകൾ വരെയിട്ട് മത്സ്യബന്ധനം നടത്തി 68 കാരൻ വിസ്മയക്കാഴ്ച ഒരുക്കുന്നു. നാലുകെട്ട് പ്ലാശ്ശരി വീട്ടിൽ ആന്റണിയാണ് പുഴയിൽ നിന്ന്‌ ആധുനിക ചൂണ്ട ഉപയോഗിച്ച് മത്സ്യം കൊയ്യുന്നത്. കൊരട്ടി കാർബോറാണ്ടം കമ്പനിയിൽ നിന്ന്‌ 10 കൊല്ലം മുമ്പാണ് വിരമിച്ചത്.

ആന്റണിയുടെ ചൂണ്ടയിൽ കൈനിറയെ മത്സ്യങ്ങൾതുടർന്ന് മീൻ പിടിത്തത്തിൽ സജീവമാവുകയായിരുന്നു. കഴിഞ്ഞ മൂന്നര വർഷത്തോളമായി പൂലാനി ചെട്ടിത്തോപ്പ് കടവിലാണ് മീൻ പിടിത്തം. പുഴയുടെ തീരത്ത് നിരത്തി വെച്ചിട്ടുള്ള എട്ടു ചൂണ്ടകളിലും നിരവധി കൊളുത്തുകളുണ്ട്.എല്ലാ കൊളത്തുകളിലും കൂടി ഒരു വലിയ ഇര. ഇരയായി കൊളുത്തുന്നത് ചോളം, ഗോതമ്പു പൊടി, അരിപ്പൊടി, തേങ്ങാപ്പിണ്ണാക്ക്, പൊട്ടു കടല തുടങ്ങിയവയാണ്.

ഇവ കുഴച്ച് വയ്ക്കും. കൊളുത്തിൽ മത്സ്യം കുടുങ്ങിയാൽ പുഴയോരത്ത് ഉറപ്പിച്ച് വച്ചിരിക്കുന്ന ചൂണ്ടയിൽ ഘടിപ്പിച്ചിട്ടുള്ള മണി മുഴങ്ങും. ഇതോടെ അവിടെയെത്തി ചൂണ്ടവള്ളി പതുക്കെ വലിച്ച് മത്സ്യത്തെ കരയിലെത്തിക്കും. വലിയ മത്സ്യങ്ങളാണ് ചൂണ്ടയിൽ കുടുങ്ങുന്നത്.

13 കിലോ വരെ തൂക്കമുള്ള മത്സ്യങ്ങൾ വരെ ചൂണ്ടയിൽ കുടുങ്ങിയിട്ടുണ്ടെന്ന്‌ ആന്റണി പറയുന്നു. എല്ലാ ദിവസവും രാവിലെ കടവിലെത്തുന്ന ആന്റണി ഉച്ചയോടെ ജോലികൾ നിർത്തും. കട്‌ല, രോഹു, മൃഗാൾ, ഗ്രാസ്സ് കാർപ്പ്, ഇളമീൻ, വരാൽ, കരിമീൻ തുടങ്ങിയവയാണ് ലഭിക്കുന്നത്. ഫോണിൽ വിളിച്ചു ബന്ധപ്പെട്ട് ആവശ്യക്കാർ കടവിലെത്തി മത്സ്യം കൊണ്ടുപോകും. രാവിലെ ആറോടെ ആന്റണി ചെട്ടിത്തോപ്പ് കടവിലെത്തും. സഞ്ചി നിറയെ മത്സ്യങ്ങളുമായാണ് മടങ്ങിപ്പോക്ക്. ഒന്നര കിലോ തീറ്റ ഒരു ദിവസത്തേക്ക് വേണ്ടിവരും.