ആളൂർ: ബാഗിൽ ഒളിപ്പിച്ച കള്ളനോട്ടുകളുമായി കാസർകോട്‌ സ്വദേശിയെ കല്ലേറ്റുംകരയിൽ പോലീസ് പിടികൂടി. ഭീമനടി മാങ്ങോട് സ്വദേശി കിള്ളിമല വീട്ടിൽ രഞ്ജിത്ത് (30) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം കല്ലേറ്റുംകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇയാൾ ചുറ്റിക്കറങ്ങുന്നത് കണ്ട ഷാഡോ പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് ബാഗിൽ സൂക്ഷിച്ച 500 രൂപയുടെ 63 കള്ളനോട്ടുകൾ കണ്ടെത്തിയത്.

ഒറിജിനൽ നോട്ട്‌ വാങ്ങി പകരം ഇരട്ടി മൂല്യമുള്ള വ്യാജനോട്ട് നൽകുന്ന രീതിയിലാണ് കള്ളനോട്ടുകൾ പ്രചരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഇത്തരത്തിൽ ആവശ്യക്കാർക്ക് കൈമാറാൻ എത്തിയപ്പോഴാണ് ഇയാൾ പിടിയിലായതെന്നും പോലീസ് പറഞ്ഞു. കല്ലേറ്റുംകര, ആളൂർ, കൊടകര മേഖലയിൽ കള്ളനോട്ടുകൾ വ്യാപകമായി ലഭിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. കൊടകരയിൽ കഴിഞ്ഞദിവസം കഞ്ചാവ് പിടികൂടിയ സാഹചര്യത്തിൽ ചാലക്കുടി, ഇരിങ്ങാലക്കുട, കൊടകര മേഖലയിൽ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

ഒറിജിനലിനെ വെല്ലുന്ന അച്ചടി

വേർതിരിച്ചറിയാനാകാത്തവിധം വിദഗ്‌ധമായി നിർമിച്ച വ്യാജനോട്ടുകളാണ് കല്ലേറ്റുംകരയിൽനിന്ന് പിടികൂടിയതെന്ന് ആളൂർ പോലീസ് എസ്.ഐ. കെ.എസ്. സുബിന്ത്‌ പറഞ്ഞു. പിടിയിലായ രഞ്ജിത്ത് തന്നെയാണോ നോട്ടുകൾ നിർമിച്ചതെന്ന് അറിയാൻ കാസർകോട്‌ പോലീസിൻറെ സഹായത്തോടെ ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്നും പോലീസ് പറഞ്ഞു. നോട്ടുകൾ കാസർകോട്‌ സ്വദേശിയായ ഒരാൾ തന്നതാണെന്ന വിവരമനുസരിച്ച് ഇയാളുടെ കൂട്ടാളികളെയും നോട്ടുകൾ നിർമിച്ചത് എവിടെയാണെന്നും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.