തൃശ്ശൂർ: ഏറ്റവും കൂടുതൽ നാട്ടാനകളുള്ളത് കേരളത്തിലാണ്; ഏറ്റവും കുറവ് നാട്ടാന ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുള്ളതും. സംസ്ഥാനത്ത് ഇപ്പോൾ 515 നാട്ടാനകളുണ്ടെങ്കിലും നിയമാനുസൃതമായ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുള്ളത് 32-ന് മാത്രമാണ്. കേരളത്തിലെ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒാഫ് ഫോറസ്റ്റ് കോടതിയിലും കേന്ദ്രത്തിനും സമർപ്പിച്ച രേഖകൾ പ്രകാരമുള്ള കണക്കാണിത്. 515 നാട്ടാനകളിൽ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുള്ള 32-ൽ 19 എണ്ണവും വനംവകുപ്പിന്റെ നാട്ടാനകളാണ്.

കേരളത്തിൽ ദേവസ്വത്തിന്റെയും സ്വകാര്യവ്യക്തികളുടെയും പക്കലുള്ളത് 473 ആനകൾ. ഇവയിൽ 13 എണ്ണത്തിന് മാത്രമാണ് നിയമപ്രകാരമുള്ള ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുള്ളത്. ഇതില്ലാതെ ആനകളെ എഴുന്നള്ളിക്കാനോ മറ്റു കാര്യങ്ങൾക്കായി വിനിയോഗിക്കാനോ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. വനംവകുപ്പിന്റെ പക്കൽ 42 ആനകളുണ്ട്. ഇവയിൽ ഉടമസ്ഥാവകാശരേഖയുള്ളത് 19-ന് മാത്രം.

കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാന മന്ത്രാലയത്തിന് കേരളത്തിലെ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ.

ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുള്ള ആനകളുടെ എണ്ണം 32

ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് കാലഹരണപ്പെട്ട് പുതുക്കലിന് അപേക്ഷിച്ചവർ 42

ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് കാലഹരണപ്പെട്ട് പുതുക്കലിന് അപേക്ഷിക്കാത്തവർ 38

ഉടമ മരിച്ച് ഉടമസ്ഥാവകാശം പുതുക്കുകയോ മാറ്റുകയോ ചെയ്യാത്തവർ 10

വനംവകുപ്പിന്റെ ആനകളിൽ ഉടമസ്ഥാവകാശം താത്‌കാലികമായി നൽകാവുന്നവ 19

ഉടമ മാറിയിട്ടില്ലെന്ന് സത്യവാങ്മൂലം നൽകിയവർ 178

ഉടമ മാറിയിട്ടില്ലെന്ന് രണ്ടാംഘട്ട സത്യവാങ്മൂലം നൽകിയവർ 106

കോടതി ഉത്തരവ് ലംഘിച്ച് ഉടമസ്ഥാവകാശം കൈമാറിയവർ 54

ഉടമസ്ഥാവകാശത്തിന് ഒരു രേഖയും അപേക്ഷയും നൽകാത്തവർ 42

റിപ്പോർട്ട് സമർ‍പ്പിച്ചശേഷം കേരളത്തിൽ ആറ് നാട്ടാനകൾ ചരിഞ്ഞു. ബാക്കിയുള്ള 515-ൽ 32 എണ്ണത്തിനു മാത്രമാണ് ഇപ്പോഴും കാലഹരണപ്പെടാത്ത ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുള്ളതെന്ന് ഹെറിറ്റേജ് ആനിമൽ ടാസ്‌ക്‌ ഫോഴ്സ് സെക്രട്ടറി വി.കെ. വെങ്കിടാചലം നേടിയെടുത്ത വിവരാവകാശരേഖയിൽ പറയുന്നു.

2008 മുതൽ കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽനിന്ന് നാട്ടാനയെ കൊണ്ടുവരുന്നത് കോടതി തടഞ്ഞിട്ടുണ്ട്. ഉടമസ്ഥാവകാശം മാറ്റുന്നത് 2016-ലും നിേരാധിച്ചു.