തൃപ്രയാർ: കെ.എസ്.ആർ.ടി.സി.യുടെ വൈദ്യുതി ബസ് നാട്ടുകാരുടെ മനം കവർന്നു. പരീക്ഷണാടിസ്ഥാനത്തിൽ വൈറ്റിലയിൽനിന്ന് ഗുരുവായൂരിലേക്കും അവിടെനിന്ന് തൃശ്ശൂർ വഴി തിരിച്ചും ഓടിയ ബസ് കാണാൻ തൃപ്രയാറിലും വാടാനപ്പള്ളിയിലും നിരവധിപ്പേരാണ് എത്തിയത്.

ശബ്ദ-വായു മലിനീകരണമില്ലാതെയാണ് ബസ് ഓടുന്നത്. പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ബസിൽ എ.സി.യുണ്ട്. 40 പുഷ്ബാക്ക് സീറ്റാണുള്ളത്. സി.സി.ടി.വി. ക്യാമറയും ഘടിപ്പിച്ചിട്ടുണ്ട്. ജി.പി.എസ്. സൗകര്യവുമുണ്ട്. ഒരുതവണ ചാർജുചെയ്താൽ 300 കിലോമീറ്റർ ഓടാനാകും. ഡീസൽ ബസ് ഓടിക്കുന്നതിന്റെ മൂന്നിലൊന്ന് ചെലവേ വൈദ്യുതി ബസിന് വരൂ. എ.സി. ലോഫ്ളോർ ബസിന്റേതാണ് നിരക്ക്.

തൃപ്രയാറിലെ സ്വീകരണയോഗം ഗീതാ ഗോപി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. സുഭാഷിണി അധ്യക്ഷയായി. കെ.എസ്.ആർ.ടി.സി. സോണൽ ഓഫീസർ കെ.ടി. സെബി വാഹനത്തിന്റെ പ്രവർത്തനം വിശദീകരിച്ചു. ബസിന്റെ ഉൾഭാഗം ജനപ്രതിനിധികളടമുള്ളവർ സന്ദർശിച്ചു. മുരളി പെരുനെല്ലി എം.എൽ.എ.യുടെ നേതൃത്വത്തിൽ വാടാനപ്പള്ളിയിലും ബസിന് സ്വീകരണം നൽകി. വാടാനപ്പള്ളിയിലെ സ്വീകരണത്തിനുശേഷമുള്ള യാത്ര മുരളി പെരുനെല്ലി എം.എൽ.എ. ഫ്ളാഗ് ഓഫ് ചെയ്തു.