ചേർപ്പ്: വിശപ്പ് മറന്ന് പാടത്ത് ഉല്ലസിച്ചുകൊണ്ടിരിക്കെ കൂടെയുണ്ടായ ഉറ്റസുഹൃത്ത് നിമിഷനേരംകൊണ്ട് തങ്ങളെ വിട്ടുപിരിഞ്ഞുപോയതിന്റെ സങ്കടം സഹിക്കാൻ കഴിയുന്നില്ല കൊച്ചു കൂട്ടുകാർക്ക്. മനോഹരമായ കോൾപ്പാടങ്ങളിൽ ഒളിഞ്ഞിരിക്കുന്ന മരണച്ചുഴികൾ കുട്ടികൾ തിരിച്ചറിയുന്നില്ല എന്നത് ഭയപ്പെടുത്തുന്ന ഒന്നാണ്.

ശനിയാഴ്ച കണിമംഗലം പാടത്ത് മുങ്ങിമരിച്ച പാലയ്ക്കലിലെ എഡ്‌വിൻ എന്ന വിദ്യാർഥിയുടെ അവസാനനിമിഷങ്ങൾ സുഹൃത്തും രക്ഷാപ്രവർത്തകയായ വീട്ടമ്മയും പറയുന്നു...

തോട്ടിൽ നീന്തുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു.

‘അയ്യോ രക്ഷിക്കൂ’ എന്ന്‌ ഉറക്കെ നിലവിളിച്ചു

(ശ്രീഹരി (12), കാട്ടുങ്ങൽ

സതീശന്റെ മകൻ)

“സമയം എന്തായെന്ന് ഓർമയില്ല. നല്ല വിശപ്പായപ്പോൾ വീട്ടിൽ പോകാൻ തീരുമാനിച്ചു. ആമ്പൽപ്പൂവ്‌ പറിച്ച് തോട്ടിൽ നീന്തുകയായിരുന്നു എഡ്‌വിൻ. ജോവിൻ (13), റോയ്സൻ (13), ആദർശ് (11) എന്നീ സുഹൃത്തുക്കളും പല ഭാഗങ്ങളിൽ ഉണ്ടായിരുന്നു. പെട്ടെന്ന് ഉച്ചത്തിലുള്ള ശബ്ദം കേട്ട് എഡ്‌വിനെ ശ്രദ്ധിച്ചു. പിന്നെ കണ്ടില്ല. അല്പസമയം കഴിഞ്ഞപ്പോൾ വെള്ളത്തിനു മീതെ തലഭാഗം ഉയർന്നുവന്നു ‘അയ്യോ രക്ഷിക്കൂ’ എന്ന് വീണ്ടും നിലവിളി. ശേഷം വീണ്ടും താഴ്ന്നുപോയി. കൈകൾ മാത്രം മുകളിൽ ഇടയ്ക്ക് കാണാം. തൊട്ടടുത്ത ചപ്പാത്തി കമ്പനിയിൽനിന്ന് ഒരു കയർ കിട്ടി. അത് എറിഞ്ഞുകൊടുക്കാൻ പലതവണ ശ്രമം നടത്തി. എന്നാൽ അപ്പോഴൊക്കെ കയർ ഒഴുക്കിൽപ്പെട്ടു. കൃത്യമായി എഡ്‌വിന് സമീപം കയറിന്റെ ഭാഗം എത്തിയില്ല. മൂന്നാംവട്ടം തലഭാഗം ഉയർന്നുവന്നു. ‘വേഗം ചേട്ടന്മാരെ വിളിക്കടാ’ എന്ന് പറഞ്ഞതിനു പിന്നാലെ താഴ്ന്നുപോയി. പിന്നെ എഡ്‌വിൻ ഉയർന്നില്ല”.


ആഴമേറിയ ചെളിയായിരുന്നു

(പദ്മാവതി (47),

കാട്ടുങ്ങൽ സന്തോഷിന്റെ ഭാര്യ)

“തോടിന് സമീപത്തെ ചപ്പാത്തി കമ്പനിയിലാണ് ജോലി. സാധനങ്ങൾ കൊണ്ടുപോകാൻ എത്തിയ വാഹനത്തിലെ മറുനാടൻ തൊഴിലാളി പറഞ്ഞാണ് സംഭവം അറിയുന്നത്. തോടിന് സമീപത്തേക്ക് ഓടിച്ചെന്നു. കയറ് എറിഞ്ഞുകൊടുക്കുന്നത് കണ്ടു. വെള്ളത്തിന് മുകളിൽ നുരകൾ പൊന്തുന്നത് കണ്ടു. തോട്ടിലേക്ക് ഇറങ്ങി ആ ഭാഗം ലക്ഷ്യമാക്കി നീങ്ങി. പണ്ട് പശുക്കളെ തീറ്റാൻ കൊണ്ടുവരുമ്പോൾ അനായാസം തോട് മുറിച്ചുകടക്കാറുണ്ട്‌. എന്നാൽ അതുപോലെ ആയിരുന്നില്ല കഴിഞ്ഞ ദിവസം. തുടക്കത്തിൽ തന്നെ കാലുകൾ ചെളിയിൽ പൂണ്ടു. ഇവയെ അതിജീവിച്ച് മുന്നോട്ട് നീങ്ങുംതോറും ശക്തമായ ഒഴുക്കുമൂലം കാല് തെന്നിപ്പോയി. തീരെ സാധിക്കില്ല എന്ന് കണ്ടപ്പോൾ ശ്രമം ഉപേക്ഷിക്കേണ്ടിവന്നു. സഹപ്രവർത്തകൻ കൂടിയായ രമേഷ് (24), മറ്റ് നാട്ടുകാർ എന്നിവരും സ്ഥലത്തെത്തി. എല്ലാം അതിജീവിച്ച് രമേഷാണ് കുട്ടിയെ ഉയർത്തിയത്. ശരീരത്തിൽ അനക്കമൊന്നും ഉണ്ടായില്ല. തന്റെ വീടിന് സമീപം താമസിക്കുന്ന കുട്ടിയാണ് എഡ്‌വിൻ.

തോട്ടിൽ നീന്തുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു