തൃശ്ശൂർ: മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷം ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായെന്ന് ആരോഗ്യവകുപ്പ്. ഈ വർഷം ജനുവരി മുതൽ റിപ്പോർട്ട് ചെയ്തത് 64 കേസുകളാണ്. കഴിഞ്ഞ വർഷം ഇതേസമയം മൂന്നിരട്ടിയോളം ആളുകൾ ഡെങ്കിപ്പനി ബാധിച്ച് വിവിധ ആസ്പത്രികളിൽ ചികിത്സ തേടിയിരുന്നു.

ഡെങ്കിപ്പനി തടയാൻ വിവിധ പ്രതിരോധനടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ജില്ലാ മെഡിക്കൽ ഒാഫീസർ അറിയിച്ചു. കൊതുകുകൾ വളരാനുള്ള സാഹചര്യം ഇല്ലാതാക്കാനുള്ള നടപടികൾ ജനങ്ങൾ സ്വീകരിക്കണമെന്നും പരിസരശുചിത്വം ഉറപ്പുവരുത്തണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

പ്ലാന്റേഷൻ മേഖലയിലാണ് ഡെങ്കിപ്പനി ഇപ്പോൾ കൂടുതൽ കണ്ടെത്തിയിരിക്കുന്നത്. റബ്ബർമരങ്ങളിലെ ചിരട്ടയിൽ കൊതുക് വളരാനിടയാകുന്നതാണ് പനി വരാൻ കാരണം. ഇത് തടയാനുള്ള നിർദേശം മേഖലയിലുള്ളവർക്ക് നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഒാരോ നിയോജകമണ്ഡലത്തിലും എം.എൽ.എ.മാരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ട്. പരിസരങ്ങളിൽ വെള്ളം കെട്ടിക്കിടക്കാതെ നോക്കുക, ചെറിയ പാത്രങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം വൃത്തിയാക്കുക, ദിവസവും വീടും പരിസരവും വൃത്തിയാക്കുക, വീട്ടിനുള്ളിൽ വെള്ളം നിറച്ച പാത്രങ്ങൾ, ടാങ്കുകൾ എന്നിവ കൊതുക് കടക്കാത്തവിധം സൂക്ഷിക്കുക, ഫ്രിഡ്‌ജിന് പിറകുവശത്തെ ട്രേ, ചെടിച്ചട്ടിയുടെ അടിയിലെ പാത്രം എന്നിവയിലെ വെള്ളം രണ്ടുദിവസത്തിനുള്ളിൽ കളയുക തുടങ്ങിയ നിർദേശങ്ങൾ ആരോഗ്യവകുപ്പ് പ്രവർത്തകർ നൽകുന്നുണ്ട്.

മഴക്കാല രോഗപ്രതിരോധത്തിന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഹോട്ടലുടമകൾക്ക് നിർദേശം നൽകി. തിളപ്പിച്ചാറിയ വെള്ളം മാത്രം നൽകുക, ജോലിക്കാരുടെ വ്യക്തിശുചിത്വം ഉറപ്പുവരുത്തുക, ഭക്ഷണാവശിഷ്ടങ്ങൾ മൂടിവെയ്ക്കുക, കുടിവെള്ളടാങ്കുകൾ ഇടയ്ക്കിടെ കഴുകുക, പഴകിയ ഭക്ഷണസാധനങ്ങൾ ഹോട്ടലിൽ സൂക്ഷിക്കരുത് തുടങ്ങിയ നിർദേശങ്ങളാണ് നൽകിയത്.

പ്രവർത്തനങ്ങളിൽ വീഴ്‌ച വരുത്തുന്നവർക്കെതിരേ സർക്കാരിന് നടപടി സ്വീകരിക്കാമെന്നും അസോസിയേഷൻ അറിയിച്ചു.