തൃശ്ശൂർ: ജില്ലയിൽ ചൊവ്വാഴ്‌ച മഴക്കെടുതിയിൽ മൂന്നുപേർ മരിച്ചു. ഇതോടെ ഇത്തവണത്തെ മഴയിൽ മരണം 14 ആയി.

കോടാലി നിലംപതിയിൽ നിർമാണത്തിലിരിക്കുന്ന വാർക്കവീടിന്‍റെ സൺഷെയ്ഡും ബീമും തകർന്നുവീണ് തൊഴിലാളി മരിച്ചു. കുറ്റിച്ചിറ വെളുത്തായിവീട്ടിൽ മരത്താന്റെ മകൻ സത്യൻ (39) ആണ് മരിച്ചത്.

കനത്തമഴയത്ത് നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് കുന്നത്തങ്ങാടി തച്ചംപിള്ളിയിലെ കിടങ്ങൻ ജോസിന്റെ മകൻ ബാബു കെ. ജോസ് (49) മരിച്ചു. മകൻ എബിനെ (22) പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെങ്കിടങ്ങ് കണ്ണോത്ത്-പുല്ല റോഡിൽ വീട്ടുകാരുമൊത്ത് വെള്ളം നിറഞ്ഞ പാടശേഖരം കാണാനെത്തിയ വീട്ടമ്മ മുങ്ങി മരിച്ചു.

കൂടുതല്‍ വായിക്കാം: ഓടിച്ചെന്നുവെങ്കിലും വിഷ്ണുവിന് രക്ഷിക്കാനായത് ഇസാനെ മാത്രം, റസിയ മുങ്ങി താഴ്ന്നിരുന്നു

മുല്ലശ്ശേരി കോറളി സ്വദേശി പുളിക്കൽ നാസറിന്റെ ഭാര്യ റസിയ (47) ആണ് മരിച്ചത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകളുള്ളത് തൃശ്ശൂർ ജില്ലയിലാണ്. 245 ദുരിതാശ്വാസ ക്യാമ്പുകളിലായി 16,101 കുടുംബങ്ങളിലെ 47,978 പേരാണുള്ളത്. 219 വീടുകൾ ഭാഗികമായും 22 വീടുകൾ പൂർണമായും തകർന്നു.